കുന്നിക്കോട് : വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിൽ നീക്കം ചെയ്യാതെ ഉപേക്ഷിച്ച മൺതിട്ട ഇടിഞ്ഞുവീണ് ആശുപത്രിയുടെ തന്നെ ചുറ്റുമതിൽ തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് മൺതിട്ട ഇടിഞ്ഞു വീണ് മീറ്ററുകളോളം ദൂരത്തിലുള്ള ചുറ്റുമതിലുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.
കുടുംബാരോഗ്യകേന്ദ്രത്തിലെ പ്രധാന കവാടത്തിന്റെ വലതു ഭാഗത്താണ് മൺതിട്ട സ്ഥിതി ചെയ്യുന്നത്. നാലു സെന്റോളം വ്യാസത്തിൽ തുരുത്തുപോലെ കൂനയായിട്ടായിരുന്നു മൺതിട്ട നിലനിറുത്തിയത്. കഴിഞ്ഞ മാർച്ച് 7 ന് പുതിയ ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കൊല്ലം - തിരുമംഗലം ദേശീയപാതയോരത്ത് ബുദ്ധിമുട്ടായി നിന്നിരുന്ന ഈ മൺതിട്ട നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ബന്ധപ്പെട്ടവർ ഈ ആവശ്യം ചെവി കൊള്ളാതെ കുറച്ച് ഭാഗത്ത് മാത്രമായിട്ട് മൺതിട്ട നിലനിറുത്തുകയായിരുന്നു.
മഴ പെയ്ത് മണ്ണിൽ വെള്ളം ഇറങ്ങിയോടെ ഉറപ്പില്ലാത്ത മണ്ണ് ഇടിഞ്ഞ് ചുറ്റുമതിലിന് മുകളിൽ വീഴുകയായിരുന്നു.