കൊല്ലം: നീണ്ടകര കുരിശടിക്ക് സമീപം പൊട്ടിയ വാട്ടർ അതോറിട്ടി​ പൈപ്പ് ലൈനി​ന്റെ അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാൽ നഗരത്തിൽ ഇന്നും കുടിവെള്ളം മുടങ്ങും. കഴിഞ്ഞ ഞായറാഴ്ചായാണ് നഗരത്തിൽ കുടി​വെള്ളം എത്തിക്കുന്ന, ശാസ്താംകോട്ടയിൽ നിന്നുള്ള പൈപ്പ് പൊട്ടിയത്. നാല് ദിവസമായി കനത്ത മഴയ്ക്കിടയിലും നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്.

തീരമേഖലകളിലും അഷ്ടമുടിക്കായൽ, കൊല്ലം തോട് തുടങ്ങിയ ജലാശയങ്ങളുടെ തീരങ്ങളി​ലും അടക്കം കിണർ ജലം ഉപയോഗിക്കാൻ കഴിയാത്ത പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം അതിരൂക്ഷം. തങ്കശേരി, മരുത്തടി, കന്നിമേൽ, മീന്നത്തുചേരി, ആലാട്ട്കാവ്, പള്ളിത്തോട്ടം, കുരീപ്പുഴ, ഇരവിപുരം, മുണ്ടയ്ക്കൽ പ്രദേശങ്ങളിലാണ് സ്ഥിതി അതിരൂക്ഷം. ഈ പ്രദേശങ്ങളിലെ വലിയൊരു വിഭാഗം ജനങ്ങൾ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്.

 പണിമുടക്കുന്നത് മണ്ണിടിച്ചിൽ

എട്ട് മണിക്കൂർ കൊണ്ട് തീരേണ്ട ജോലിയാണ് മണ്ണിടിച്ചിൽ കാരണം നാല് ദിവസം പിന്നിട്ടിരിക്കുന്നത്. നാല് മീറ്റർ ആഴത്തിലാണ് ഇവിടെ പൈപ്പ് ലൈൻ. പൊട്ടിയ ഭാഗത്ത് അഞ്ച് മീറ്റർ വീതിയിലാണ് ആദ്യം കുഴിയെടുത്ത്. മണ്ണിടിഞ്ഞ് ഇപ്പോൾ കുഴിയുടെ വീതി 20 മീറ്ററായി. നീണ്ടകര തുറമുഖത്തേക്കുള്ള ഈ ഭാഗത്തെ റോഡും തകർന്നു. തീരമേഖലയായതിനാൽ ഇവിടെ തറനിരപ്പിൽ നിന്നു താഴേക്ക് മണലാണ്. പൈപ്പിന്റെ പൊട്ടിയ ഭാഗം മുറിച്ച് മാറ്റി പുതിയ പൈപ്പിട്ട് നട്ടും ബോൾട്ടും ഇട്ട് മുറുക്കണം. മണ്ണിടിഞ്ഞ് വീഴുന്നതിനാൽ പൈപ്പ് മുറിച്ച് മാറ്റാൻ തന്നെ മൂന്ന് ദിവസം വേണ്ടിവന്നു. ഇപ്പോൾ പൈപ്പ് മുറുക്കുന്നതിനും മണ്ണിടിച്ചിൽ തടസമായി നിൽക്കുകയാണ്.

 വിതരണം ഒരു ലക്ഷം ലിറ്ററാക്കി

കോർപ്പറേഷൻ മൂന്ന് ടാങ്കർ ലോറികളിലായി ഇന്നലെ ഒരു ലക്ഷം ലിറ്റർ കുടിവെള്ളമാണ് വിതരണം ചെയ്തത്. നേരത്തെ രണ്ട് ലോറികളിലായി അര ലക്ഷം ലിറ്ററിൽ താഴെയായിരുന്നു വിതരണം. പൈപ്പ് പൊട്ടിയതോടെ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നും കോർപ്പറേഷൻ ഓഫീസിൽ നിന്നും മൂന്ന് ലോറികളിൽ ആറ് ട്രിപ്പുകൾ വരെ അടിച്ചാണ് ജലവിതരണം.