അഞ്ചൽ: കേരളാ പൊലീസ് ആസോസിയേഷന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 'നവകേരളത്തിലെ പൊലീസ് പ്രതീക്ഷകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ അഞ്ചലിൽ നടന്ന സെമിനാർ ഉദ്ഘാടനവും വിഷയാവതരണവും പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഐ.ജി എസ്. ഹരിശങ്കർ നിർവഹിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ 80 ശതമാനം കേസുകളിലും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുണ്ടെന്നും ഇത് പൊലീസിന്റെ കാര്യക്ഷമതയെയാണ് കാണിക്കുന്നതെന്നും കുറ്റാന്വേഷണത്തിൽ കടന്നുവരാൻ പുതിയതലമുറ മടിക്കുന്നു, എന്നാൽ ചെറുപ്പക്കാരെ കുറ്റാന്വേഷണ വിഭാഗത്തിലേയ്ക്ക് കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ഹരിശങ്കർ പറഞ്ഞു. പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷിനോദാസ് അദ്ധ്യക്ഷനായി. വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ , അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ്കുട്ടി, ഡിവൈ.എസ്.പി ഷൈനുതോമസ്, ഡിവൈ.എസ്.പി ബി. വിനോദ്, അഞ്ചൽ എസ്.എച്ച്.ഒ ഗോപകുമാർ, എസ്.ഐ ജ്യോതിഷ് ഇളവൂർ,ചിതറ എസ്.എച്ച്.ഒ രാജേഷ്, അസോസിയേഷൻ ജില്ലാ സെക്രട്ടറി ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.