കൊല്ലം: ശുദ്ധജല വിതരണ പൈപ്പ്ലൈൻ പൊട്ടയതു മൂലം നീണ്ടകര, ശക്തികുളങ്ങര ഉൾപ്പെടെ കൊല്ലം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലവിതരണം തടസപ്പെട്ടത് പരിഹരിക്കാനോ ചോർച്ച അടയ്ക്കാനോ കഴിയാത്തത് അധികാരികളുടെ കടുത്ത അനാസ്ഥയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. നീണ്ടകരയിൽ കുരിശടിക്കു സമീപം പൈപ്പ് പൊട്ടിയ പ്രദേശം സന്ദർശിച്ച മന്ത്രി ജലവിതരണം പുന:സ്ഥാപിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടു.
നാലു ദിവസമായിട്ടും പൈപ്പ് ലൈനിന്റെ ചോർച്ച പരിഹരിച്ച് ജലവിതരണം നടത്താൻ ജല അതോറിട്ടി പരാജയപ്പെട്ട സാഹചര്യത്തിൽ വൈഗദ്ധ്യമുളള മറ്റ് ഏജൻസികളുടെ സഹായം തേടണം. ജനങ്ങൾ കുടിനീർ ഇല്ലാതെ നെട്ടോട്ടം ഓടുമ്പോൾ ശുദ്ധജലവിതരണത്തിനായി മറ്റു നടപടികൾ സ്വീകരിക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. ശുദ്ധജലവിതരണത്തിൽ പോലും സങ്കുചിതരാഷ്ട്രീയ താല്പര്യം മൂലം കുടിവെള്ളം നിഷേധിക്കുന്ന അധികാരികളുടെ നിലപാട് പ്രതിഷേധാർഹമാണ്. സാങ്കേതിക വിദ്യ വളരെയേറെ പുരോഗമിച്ചിട്ടും 5 ദിവസമായി പൈപ്പ് ലൈനിലെ ചോർച്ച അടയ്യ്ക്കാൻ കഴിയാത്തത് ജലഅതോറിട്ടിയുടെ പരിതാപകരമായ അവസ്ഥയാണ് കാണിക്കുന്നതെന്നും എം.പി ആരോപിച്ചു.