കൊല്ലം: ഒപ്പം താമസിച്ചിരുന്ന യുവതിയെ കമ്പിവടി കൊണ്ട് ആക്രമിച്ചയാളെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുഴിയിൽ തട്ടിൽവിള വീട്ടിൽ സുൽഫിക്കറാണ് (29) പിടിയിലായത്.

തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്ന സംശയത്തിൽ പ്രതി യുവതി താമസിച്ചുവന്നിരുന്ന കാഞ്ഞാവെളി പണയിൽ വീട്ടിൽ അതിക്രമിച്ചു കയറി. കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയെ വലിച്ച് നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ഇരുമ്പ് കമ്പി വടി കൊണ്ട് തലക്കടിക്കാൻ ശ്രമിച്ചപ്പോൾ യുവതി കൈകൊണ്ട് തടഞ്ഞു. ആക്രമണത്തിൽ യുവതിയുടെ ഇടത് കൈയ്ക്ക് ഒന്നിലധികം ഒടിവേറ്റു.