കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ വല്ലം പ്രദേശത്തെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി. വല്ലം കുളം കുടിവെള്ള പദ്ധതി വരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ജില്ലാ പഞ്ചായത്ത് അനുവദിച്ച 39 ലക്ഷം രൂപ ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. വല്ലം കുളം ജംഗ്ഷനിൽ മൂന്ന് പതിറ്റാണ്ട് മുൻപ് സ്ഥാപിച്ച കുടിവെള്ള പദ്ധതിവഴി ഇപ്പോൾ കുറച്ചുപേർക്ക് കുടിവെള്ളം ലഭിക്കുന്നുണ്ട്. വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള പദ്ധതിയാണിത്. കാലാകാലങ്ങളിൽ ഈ പദ്ധതിയ്ക്ക് അറ്റകുറ്റപ്പണികൾ നടത്താത്തതിന്റെ ബുദ്ധിമുട്ടുകൾ ഏറെയുണ്ട്. ബാലവാടി ഭാഗമടക്കം ഉയരക്കൂടുതൽ ഉള്ള മേഖലകളിലേക്ക് കുടിവെള്ളം എത്തിയ്ക്കണമെന്ന ലക്ഷ്യവുമായിട്ടാണ് ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി വരുന്നത്.
കുളത്തിൽ കിണർ നിർമ്മിച്ചു
അവണൂർ പാലമുക്ക്- നെടുവത്തൂർ റോഡിന്റെ അരികിലായി സ്ഥിതിചെയ്യുന്ന വല്ലം കുളത്തിലാണ് കുടിവെള്ള പദ്ധതിക്ക് വേണ്ട കിണർ നിർമ്മിച്ചത്. ഇതിൽ പാറയുണ്ടാകുമെന്നും കിണർ നിർമ്മാണം നടക്കില്ലെന്നും ആദ്യം ആക്ഷേപങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കിണർ പൂർത്തിയാക്കി ഇതിന് മുകളിലായിത്തന്നെ പമ്പ് ഹൗസും സ്ഥാപിച്ചു. നേരത്തെ പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നതിനാൽ അതിവേഗം കുടിവെള്ളം വിതരണം ചെയ്യാനാകും.
കുളത്തിന് സൗന്ദര്യവത്കരണം
ഏറെക്കാലമായി തകർച്ചയിലായിരുന്നു വല്ലം കുളം. നെടുവത്തൂർ പഞ്ചായത്തുവകയായ ഈ കുളത്തിന് ചുറ്റും കുറ്റിക്കാട് വളർന്ന് മൂടിയിരുന്നു. മാസങ്ങൾക്ക് മുൻപ് സമീപവാസിയായ വൃദ്ധ കുളത്തിൽ ചാടി ജീവനൊടുക്കുകയുണ്ടായി. ഇതിന് ശേഷം കുളം നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. കുടിവെള്ള പദ്ധതി പൂർത്തിയാകുന്നതിനൊപ്പം കുളത്തിന്റെ നവീകരണവും നടത്താൻ ലക്ഷ്യമിടുന്നുണ്ട്.
വല്ലം പ്രദേശത്തുകാരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം എന്ന നിലയിലാണ് വല്ലം കുളത്തിൽ കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. കൂടുതൽ തുക വേണ്ടിവന്നാൽ അനുവദിക്കും. കുളം നവീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തരമായി അത്യാവശ്യ പ്രവർത്തനങ്ങൾ നടത്തും.
സുമാലാൽ,
വൈസ് പ്രസിഡന്റ്,
ജില്ലാ പഞ്ചായത്ത്