ചാത്തന്നൂർ: കാറ്റിലും മഴയിലും മേൽക്കൂര തകർന്ന വീട്ടിൽ നിന്ന് അമ്മയും അഞ്ചു വയസുള്ള മകനും ഏഴിൽ പഠിക്കുന്ന മകളും
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ പത്തു മണിയോടുകൂടി ചിറക്കര താഴം സാന്ദ്ര നിവാസിൽ സന്തോഷിന്റെയും ശാലിനിയുടെയും വീടിനാണ് തകർച്ചയുണ്ടായത്.
അടുക്കളയിൽ ആയിരുന്ന ശാലിനി എന്തോ ശബ്ദം കേട്ട് നോക്കുമ്പോൾ മേൽക്കൂര ഒടിഞ്ഞു താഴേക്ക് വരുന്നതാണ് കണ്ടത്. ടി.വി കണ്ടുകൊണ്ടിരുന്ന കുട്ടികളേയും പിടിച്ച് അലറിവിളിച്ച് വീടിന്റെ വെളിയിലേക്കിറങ്ങിയതും മേൽക്കൂര വീണതും ഒരുമിച്ചായിരുന്നു. ആർക്കും പരിക്കില്ല. മേൽക്കൂര പൂർണമായും തകർന്നിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽപെട്ട കുടുംബത്തിന് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 2014 -15 ഐ.എ.വൈ ഭവന നിർമാണ പദ്ധതി പ്രകാരം കിട്ടിയ വീടാണ് നശിച്ചത്. ടി.വി, കട്ടിൽ, അലമാര, കുട്ടികളുടെ ബുക്കുകൾ, വീട്ടുസാധനങ്ങൾ തുടങ്ങിയവയെല്ലാം തകർന്നു. കൂലി വേലക്കാരനാണ് സന്തോഷ്. ശാലിനി തൊഴിലുറപ്പ് തൊഴിലാളിയും. ഏഴാം ക്‌ളാസിൽ പഠിക്കുന്ന സാന്ദ്രയും യു.കെ.ജി.യിൽ പഠിക്കുന്ന ശരണുമാണ് മക്കൾ: