maliyakkam-palam-2
കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിലെ മാളിയേക്കൽ മേൽപ്പാലത്തിനായി സ്ഥാപിച്ച തൂണുകൾ

തൊടിയൂർ: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ ലെവൽ ക്രോസിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ പത്ത് തൂണുകൾ സ്ഥാപിച്ചു. ഇനി സ്ഥാപിക്കാനുള്ളത് ഒരു തൂണുമാത്രം.

ഈ വർഷാവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് കരുതുന്നത്. പാലം നിർമ്മാണത്തിന്റെ കരാർ എടുത്തിട്ടുള്ള കമ്പനിയുടെ തമിഴ്നാട്ടിലെ യാർഡിലാണ് മേൽപ്പാലത്തിനാവശ്യമായ തൂണുകളും ബീമുകളും നിർമ്മിക്കുന്നത്.
അടുത്ത മാസം ബീമുകൾ എത്തിക്കുന്നതിനൊപ്പം ഇനി സ്ഥാപിക്കാനുള്ള ഒരു തൂണു കൂടി കൊണ്ടുവന്ന് സ്ഥാപിക്കും. അതിന് ശേഷം തൂണുകൾക്ക് മീതേ ബീമുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കും. തൂണുകളുംബീമുകളും സ്റ്റീൽ നിർമ്മിതമാണ്. ബീമിന് മുകളിലായി കോൺക്രീറ്റ് റോഡ് നിർമ്മിക്കും. മേൽപ്പാലത്തിൽ രണ്ടുവരി നടപ്പാതയും ഇരുവശത്തും സർവീസ് റോഡും ഉണ്ടാകും. 547 മീറ്റർ നീളത്തിലും 10.15 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. ട്രെയിനേജ് സൈഡ് ബാൾ എന്നിവയുടെ പണികളും ആരംഭിച്ചു കഴിഞ്ഞു. എസ് .പി .എൽ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡാണ് പാലത്തിന്റെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത് .റിറ്റ്സ് എന്ന കമ്പനിയാണ് പ്രോജക്ട് മാനേജ്മെന്റ്
കൺസൾട്ടന്റായി പ്രവർത്തിക്കുന്നത്.


33.04 കോടി രൂപയുടെ നി‌ർമ്മാണം
മുൻ എം.എൽ.എ ആർ.രാമചന്ദ്രന്റെ ശ്രമഫലമായാണ് ഇവിടെ മേൽപ്പാലം അനുവദിച്ച് കിട്ടിയത്. 33.04 കോടി രൂപ ചെലവഴിച്ചാണ് മാളിയേക്കൽ മേൽപ്പാലം നിർമ്മിക്കുന്നത്. 2021 ജനുവരി 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു.