tree-cutting
ആവണീശ്വരം റെയിവേ പരിസരത്ത് അപകട ഭീഷണിയായി നിന്ന മരം വിളക്കുടി ഗ്രാമപഞ്ചായത്തംഗം അഡ്വ. ബി.ഷംനാദിൻ്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റുന്നു

കുന്നിക്കോട് : ആവണീശ്വരം റെയിൽവേ ഭൂമിയിൽ അപകട ഭീഷണിയായി നിന്ന മരങ്ങൾ മുറിച്ച് മാറ്റി. മരം മുറിച്ച് മാറ്റണമെന്ന പ്രദേശവാസികളുടെയും വാഴിയാത്രികരുടെയും വർഷങ്ങളായിട്ടുള്ള ആവശ്യമാണ് ഒടുവിൽ വാർഡംഗത്തിന്റെ പരിശ്രമത്തെ തുടർന്ന് സഫലമായത്. അപകട ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ചൂണ്ടിക്കാട്ടി 'കേരളകൗമുദി' വാർത്ത നൽകിയിരുന്നു.

ശബരി ബൈപാസ് പാതയിലെ കുന്നിക്കോട് - പത്തനാപുരം റോഡിൽ ആവണീശ്വരം റെയിൽവേ ഭൂമിയിലാണ് മരങ്ങളും ചില്ലകളും അപകടമാം വിധം റോഡിലേക്ക് ചാഞ്ഞ് നിന്നത്. പഴയ റെയിൽവേ സ്റ്റേഷൻ മുതൽ പുതിയ സ്റ്റേഷൻ വരെയുള്ള സ്ഥലത്താണ് കൂടുതലായിട്ട് മരങ്ങളും ചില്ലകളും റോഡിലേക്ക് ചരിഞ്ഞ് നിന്നത്.

കഴിഞ്ഞ ആഴ്ച ഇവിടെ നിറുത്തിയിട്ടിരുന്ന വാഹനത്തിന്റെ മുകളിൽ മരച്ചില്ല ഒടിഞ്ഞുവീണ് കുന്നിക്കോട് സ്വദേശിയുടെ പുതിയ കാർ പൂർണമായും തകർന്നു. തുടർന്ന് വിളക്കുടി ഗ്രാമപ്പഞ്ചായത്ത് വാർഡംഗം അഡ്വ. ബി.ഷംനാദിന്റെ നേതൃത്വത്തിൽ റെയിൽവേ അധികൃതർക്ക് പരാതി നൽകുകയും മരങ്ങൾ മുറിച്ച് മാറ്റുന്നതിനുള്ള അനുമതി നേടുകയുമായിരുന്നു.

മരങ്ങൾ മുറിച്ചത് വാർഡംഗം സ്വന്തം ചെലവിൽ

മരങ്ങൾ റെയിൽവേയുടെ ചെലവിൽ മുറിച്ച് മാറ്റാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ ചെലവിൽ മുറിച്ച് മാറ്റമെന്ന് വാർഡംഗം ഉറപ്പ് നൽകിയതിനെ തുടർന്നായിരുന്നു റേയിൽവേ അനുമതി നൽകിയത്. എന്നാൽ ഷംനാദ് ഗ്രാമപഞ്ചായത്തിൽ ബന്ധപ്പെട്ടപ്പോൾ ചില സങ്കേതിക കാരണങ്ങൾ പറഞ്ഞ് പണം നൽകാൻ കഴിയില്ലെന്നായിരുന്നു മറുപടി പറഞ്ഞത്. റെയിൽവേ അനുവദിച്ച നിശ്ചിത സമയത്തിനുള്ളിൽ മരങ്ങൾ മുറിച്ച് മാറ്റിയില്ലെങ്കിൽ കഷ്ടപ്പെട്ട് നേടിയെടുത്ത അനുമതി നഷ്ടമാകുമെന്ന് മനസിലായതോടെ സ്വന്തം ചെലവിൽ മരങ്ങൾ മുറിച്ച് മാറ്റാൻ വാർഡംഗം തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഇരുപതിനായിരം രൂപ ചെലവാക്കി മരം മുറിച്ച് മാറ്റൻ ആളെ ഏർപ്പാട് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങൾ കൊണ്ട് ആവണീശ്വരം റെയിൽവേ സ്റ്റേഷന്റെ പരിസരത്ത് അപകട ഭീഷണിയായി നിന്ന മരങ്ങളും ചില്ലകളും റെയിൽവേ അധികൃതരുടെ മേൽനോട്ടത്തിലാണ് മുറിച്ച് മാറ്റിയത്.