nl
താനുവേലി മുക്ക്‌ - തോണ്ടുതറ ജംഗ്ഷൻ റോഡിലെ വെള്ളക്കെട്ട്.

തഴവ : താനുവേലി മുക്ക് - തോണ്ടുതറ ജംഗ്ഷൻ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുതിയകാവ് - ചക്കുവള്ളി സംസ്ഥാന പാതയിൽ താനുവേലി മുക്കിൽ തുടങ്ങി കുതിരപ്പന്തി ചന്ത വഴി ചങ്ങൻകുളങ്ങര -വള്ളികുന്നം റോഡിൽ തോണ്ടുതറ ജംഗ്ഷനിൽ അവസാനിക്കുന്ന റോഡിന് 3.7 കിലോമീറ്റർ നീളമാണുള്ളത്. ഇവിടെ മഴ മാനത്ത് കണ്ടാൽ പോലും റോഡ് വെള്ളക്കെട്ടാകുന്ന ദുർഗതിയാണ്. കുതിരപ്പന്തി ഗവ :എൽ .പി .എസ്, മഠത്തിൽ എച്ച് .എസ്. എസ്, എ. വി. ബി. എച്ച്. എസ്, ജി. ജി. എച്ച്. എസ്, കുതിരപ്പന്തി,കുറ്റിപ്പുറം ചന്തകൾ, തഴവ പഞ്ചായത്ത്‌ ഓഫീസ്, വില്ലജ് ഓഫീസ്, കുടുംബ ആരോഗ്യ കേന്ദ്രം, പുതിയകാവ് നെഞ്ച് രോഗാശുപത്രി, ഓച്ചിറ സി. എച്ച്. സി എന്നിവിടങ്ങളിൽ വന്നുപോകേണ്ട നൂറ് കണക്കിന് വിദ്യാർത്ഥികളും, ഗ്രാമവാസികളും ഈ റോഡിനേയാണ് ആശ്രയിക്കുന്നത്.

സർക്കാ‌ർ ഫണ്ട് അനുവദിക്കണം

താനുവേലി മുക്ക്, കൈപ്പള്ളി ഭാഗം, പുത്തൂരേത്ത് ജംഗ്ഷൻ, മാമ്പഴശ്ശേരി ക്ഷേത്ര ജംഗ്ഷൻ, കോളശ്ശേരി ഭാഗം തുടങ്ങി മൂന്ന് കിലോമീറ്ററിനുള്ളിൽ നിരവധി പടുകുഴികളാണുള്ളത്. റോഡ് ഉയർത്തിയും ആവശ്യമായ ഭാഗങ്ങളിൽ ഓട നിർമ്മാണം നടത്തിയ ശേഷം ടാർ ചെയ്തും പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു. എന്നാൽ 2 കോടിയിൽപ്പരം രൂപ ചെലവ് വരുമെന്നതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റോഡിനെ കൈവിടുന്ന സ്ഥിതിയാണ്. സംസ്ഥാന സർക്കാരിന്റെ തീരദേശ ഫണ്ടിൽ നിന്നോ, ആസ്തി വികസന ഫണ്ടിൽ നിന്നോ തുക അനുവദിച്ചാൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ നവീകരണം നടത്തുവാൻ കഴിയുകയുള്ളു.

എം.എൽ.എ ഇടപെടണം

പ്രദേശത്തെ ഓടകളും മറ്റും കൈയ്യേറ്റത്തിലുടെ ഇല്ലാതായതാണ് റോഡിലെ ദുസഹമായ വെള്ളക്കെട്ടിന് കാരണം. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ അടിയന്തര ഇടപെടീൽ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്‌.