phot
കൊല്ലം-തിരുമംഗലം ദേശിയ പാതയോരത്തെ ഇടമൺ യു.പി.സ്കൂളിന് മുന്നിൽ അപകട ഭീക്ഷണി ഉയർത്തുന്ന കൂറ്റൻ കുഴി

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ കൂറ്റൻ കുഴി അപകടക്കെണിയായി മാറുന്നു. ഇടമൺ യു.പി.സ്കൂളിന് മുന്നിലെ ആൽമരത്തോട് ചേർന്നാണ് അപകടക്കെണിയായ കുഴിയുള്ളത്. നൂറ്റാണ്ടുകൾക്ക് മുമ്പ് റോഡിന് അടിയിലൂടെ സ്ഥാപിച്ച കലുങ്ക് കടന്ന് പോകുന്ന സ്ഥലത്താണ് കൂറ്റൻ കുഴി രൂപപ്പെട്ടത്. ഇടമൺ യു.പി.സ്കൂൾ -കരിക്കത്തിൽ ഏല റോഡിൽ നിന്നും മറ്റും മഴയത്ത് ഒഴുകിയെത്തിയിരുന്ന വെള്ളം കടന്ന് പോകാനാണ് പാതയോരത്തെ കലുങ്കിന്റെ ഒരു ഭാഗത്ത് കുഴിയെടുത്തിട്ടിരിക്കുന്നത്. സമീപത്തെ ആൽ മരത്തിന്റെ വേരുകളും മറ്റും വളർന്ന് കലുങ്ക് അടഞ്ഞ് വെള്ളമൊഴുക്ക് തടസപ്പെട്ടിരുന്നു. തുടർന്ന് ദേശീയ പാത അധികൃതരെത്തി കലുങ്കിന്റെ മുൻ ഭാഗത്തെ എക്കൽ നീക്കം ചെയ്തതാണ് പാതയോരത്ത് കൂറ്റൻ കുഴി രൂപപ്പെടാൻ മുഖ്യകാരണം.

അപകടങ്ങൾ പതിവ്

കൊടും വളവിലുള്ള കുഴിയിലേക്ക് വാഹനങ്ങൾ മറിയുന്നത് പതിവാകുന്നു. രണ്ടാഴ്ച മുമ്പ് നിയന്ത്രണം വിട്ടെത്തിയ കാർ വീണ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.പാതയുടെ രണ്ട് ഭാഗങ്ങളിൽ നിന്നും കടന്ന് വരുന്ന വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഈ കുഴി വൻ ഭീഷണിയായി മാറിയിരിക്കുകയാണ്. പാത കടന്ന് പോകുന്ന പല പ്രദേശങ്ങളിലെയും പഴഞ്ചൻ കലുങ്കുകൾ നവീകരണ സമയത്ത് പുനർ നിർമ്മിച്ചെങ്കിലും ഇടമൺ യു.പി.സ്കൂളിന് മുന്നിലെ നൂറ്റാണ്ടുകൾ പഴക്കമുളള കലുങ്ക് പുതുക്കി പണിയാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. രണ്ട് വർഷം മുമ്പ് 34 കോടി രൂപ ചെവഴിച്ച് നവീകരിച്ച പാതയോരമാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്. ദിവസവും നൂറ് കണക്കിന് വാഹനങ്ങളും ചരക്ക് ലോറികളും ഇതുവഴി കടന്നുപോകുന്നുണ്ട്.

കുഴിക്ക് ചുറ്റും താത്ക്കാലികമായി ഇരുമ്പ് വേലി സ്ഥാപിച്ചാൽ ഒരു പരിധി വരെ അപകടം ഒഴിവാക്കാൻ കഴിയും. വാഹനങ്ങൾക്ക് പുറമെ സ്കൂൾ കുട്ടികൾക്കും ഭീഷണിയായ കുഴി ഒഴിവാക്കാൻ പുതിയ കലുങ്ക് പണിയണം.ഇതിനായി പി.എസ്.സുപാൽ എം.എൽ.എയെയും ദേശീയ പാത അധികൃതരെയും നേരിൽ കണ്ട് ചർച്ച നടത്തും.

എൻ.കോമളകുമാർ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ