പത്തനാപുരം : കമുകും ചേരി ,മൂന്നാം മല ,ചീവോട്, പുനലൂർ റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കണം.

പത്തനാപുരം കെ.എസ്.ആർ.ടി.സി. ടി സി ഡിപ്പോയിൽ നിന്ന് കമുകുംചേരി വരിക്കോലിക്കൽ ജംഗ്ഷൻ, സർക്കാർ ആയുർവേദ ഡിസ്പെൻസറി, പാങ്ങോട്, പാവുമ്പാക്കട ,മൂന്നാംമല ,ചീവോട്, നല്ലാകുളം, വെട്ടിതിട്ട വഴി പുനലൂരിലേക്ക് ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് എത്രയും പെട്ടെന്ന് പുനരാരംഭിക്കാനുള്ള നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലെിൽ ബസ് സർവീസില്ലാത്ത ഗ്രാമപ്രദേശങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി ഈ റൂട്ടുകളിൽ അനുവദിച്ചാലും യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകും.

സമാന്തര സർവീസുകൾ ആശ്രയം

പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ കടയ്ക്കാമൺ, കിഴക്കേമുറി, ചേകം, ചെന്നില മൺ, മൂന്നാം മല ,എലിക്കാട്ടൂർ ചീവോട്, നല്ലകുളം, വെട്ടി തിട്ട, വൻമള, മുക്കടവ് തുടങ്ങിയ പ്രദേശത്തുള്ളവർക്ക് കമുകും ചേരിയിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയിൽ എത്തിച്ചേരാൻ ബസ് സർവീസ് ഇല്ല. നിലവിൽ സമാന്തര സർവീസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. മെഡിക്കൽ സ്റ്റോറിൽ 50 രൂപ വില വരുന്ന മരുന്നോ കുഴമ്പോ ആയുർവേദ ആശുപത്രിയിൽ നിന്ന് സൗജന്യമായി വാങ്ങാൻ ഇരട്ടിയിലധികം തുക വാഹന വാടക നൽകണം. കടയക്കാമൺ ചേകം ഭാഗത്ത് നിന്നും മറ്റും ആയുർവേദ ആശുപത്രിയിൽ എത്തുന്നതിന് ഓട്ടോ ചാർജ്ജ് 200 രൂപ വരെയാണ്.

അധികൃത‌ർ നടപടിയെടുക്കണം

കെ.ബി.ഗണേശ് കുമാർ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നപ്പോൾ തുടങ്ങിയ ബസ് സർവീസ് ലാഭകരമായിരുന്നിട്ടും യാതൊരു കാരണങ്ങളുമില്ലാതെ നിറുത്തുകയായിരുന്നു. ഈ ബസ് സർവീസ് തുടങ്ങിയാൽ ആശുപത്രിയിലെ ജീവനക്കാർക്കും സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്കും ഏറെ പ്രജോയനകരമായിരിക്കും. ആശുപത്രിയിൽ രോഗികൾക്കും മറ്റും എത്താൻ വാഹന സൗകര്യമില്ലെന്ന് കാട്ടി ആശുപത്രി ഇവിടെ നിന്നും മാറ്റാനുള്ള ശ്രമം നാട്ടുകാരും ഗ്രാമ പഞ്ചായത്ത് വാർഡ് അംഗവും ഇടപെട്ട് തടയുകയായിരുന്നു.ഗ്രാമ വണ്ടി എന്ന നിലയിൽ പിറവന്തൂർ ഗ്രാമപഞ്ചായത്ത് അധികൃതർ ഇടപെട്ട് ഇതുവഴിയുള്ള സർവീസ് എത്രയും പെട്ടെന്ന് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ലാഭത്തിലായിരുന്ന ബസ് എത്രയും വേഗം പുനരാംരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.

കമുകുംചേരി സുരേഷ് ബാബു

( കേരള കൗമുദി ഏജന്റ്,

പ്രതികരണവേദി പ്രസിഡന്റ്)