
മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ആറ് ദൗത്യങ്ങളിൽ അവസാനത്തേതായിരുന്നു 1972 ഡിസംബർ 7 ലെ അപ്പോളോ 17. 50 വർഷങ്ങൾക്കുശേഷം, അമേരിക്കൻ ബഹിരാകാശ ഏജൻസി നടത്തുന്ന ചാന്ദ്രദൗത്യമാണ് ഈ വർഷം മേയിൽ വിക്ഷേപിക്കുന്ന ആർട്ടെമിസ് ഒന്ന്. തുടർന്ന് 2024 ൽ ആർട്ടെമിസ് രണ്ടും 2025ൽ മൂന്നും വിക്ഷേപിക്കും.
അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികൾക്കും സ്വകാര്യ കമ്പനികൾക്കും ചാന്ദ്രവാസസ്ഥലം നിർമ്മിക്കാനും അവിടെ നിന്ന് ചൊവ്വായിലേക്ക് മനുഷ്യരെ അയക്കുന്നതിനും അടിത്തറ പാകുക, ഇതാണ് ആർട്ടെമിസ് പ്രോഗ്രാമിന്റെ ലക്ഷ്യം. 2025 ൽ മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണ്രധുവത്തിലിറക്കും. ഈ പ്രോഗ്രാമിലൂടെ കറുത്തവർഗക്കാരിയായ ഒരു വനിതയെ ചന്ദ്രനിൽ ഇറക്കാൻ ഉദ്ദേശ്യമുണ്ട്. ചന്ദ്രനിൽ ദീർഘകാലം താമസിച്ച്, പുതിയ ശാസ്ത്രീ കണ്ടെത്തലുകൾക്ക് ശേഷം പുത്തൻതലമുറയിൽപ്പെട്ടവരുടെ ഒരു ആഗോള സഖ്യമുണ്ടാക്കി ചൊവ്വയുൾപ്പെടെ മറ്റു ഗ്രഹങ്ങളിലേക്ക് മനുഷ്യരെ കൊണ്ടുപോകാനാണ് നിലവിലെ പ്ലാൻ. ചന്ദ്രന്റെ ഉപരിതലത്തിൽ ഒരു ബേസ് ക്യാമ്പും ഭ്രമണപഥത്തിൽ ഒരു ഗേറ്റ് വേയും ഇതിനായി നിർമ്മിക്കും.
ചന്ദ്രനെ ചുറ്റുന്ന ഒരു ചെറിയ ബഹിരാകാശ നിലയമാണ് ലൂണാർ ഗേറ്റ്‌വെ. ഇതിൽ താമസിച്ച് ബഹിരാകാശ സഞ്ചാരികൾക്ക് ഹ്രസ്വകാലത്തേക്ക് ശാസ്ത്ര ഗവേഷണം നടത്താൻ കഴിയും. കെന്നഡി ബഹിരാകാശ ക്രേന്ദ്രത്തിൽ നിന്ന് അടുത്തമാസം ആർട്ടെമിസ് ഒന്ന് പറന്നുയരും. ബഹിരാകാശത്ത് എത്തിയശേഷം ഇതിൽ നിന്ന് ഓറിയോൺ മൊഡ്യൂൾ വേർപെടുത്തും. ഇത് ചന്ദ്രനിലേക്ക് പറക്കും. ചന്ദ്രോപരിതലത്തിൽ നിന്ന് ഏതാണ് 92 കിലോമീറ്റർ ഉയരത്തിൽ 20 മുതൽ 25 ദിവസങ്ങൾ വരെ ഓറിയോൺ ചന്ദ്രനെ ചുറ്റും. ഇതിനുശേഷം കാലി
ഫോർണിയായ്ക്കടുത്ത് പസഫിക് സമുദ്രത്തിൽ പതിക്കും.
ആർട്ടെമിസ് ഒന്നിൽ സഞ്ചാരികൾ ആരും ഉണ്ടാവില്ല. 2024ൽ വിക്ഷേപിക്കുന്ന
ആർട്ടെമിസ് രണ്ടിൽ നാലുപേരുണ്ടാകും. 2025 ൽ വിക്ഷേപിക്കുന്ന ആർട്ടെമിസ് മൂന്നിലും നാലുപേരുണ്ടാകും. ആർട്ടെമിസ് രണ്ട്, എട്ട് മുതൽ പത്ത് ദിവസം വരെ നീണ്ടുനിൽക്കുന്ന യാത്രയിൽ ചന്ദ്രനുമപ്പുറം 8889 കിലോമീറ്റർ വരെ പറക്കും. ഇതിനുശേഷം ഭൂമിയിൽ തിരിച്ചെത്തും. ആർട്ടെമിസ് മൂന്ന്, ആദ്യം ലൂണാർ ഗേറ്റ്‌വേയിൽ ചെന്നു ചേരും. ഇതിനുശേഷം 30 ദിവസം ബഹിരാകാശത്ത് യാത്ര തുടരും. ഇതിന് മുമ്പ് ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങാത്ത സ്ഥലത്ത്
ശാസ്ത്രീയ പഠനങ്ങൾക്ക് രണ്ടുപേരെ ഇറക്കും. ഇതിനുശേഷം മടങ്ങും. ആദ്യത്തെ മൂന്നെണ്ണം വിജയിച്ചാൽ, ആർട്ടെമിസ് 4, 5, 6 തുടർന്നുണ്ടാകും.
ഒരു ദൗത്യത്തിന്റെ ചെലവ്: ₹ 6080 കോടി
പദ്ധതിയുടെ പേര് - 'മൂൺ ടു ചൊവ്വ
റോക്കറ്റ് ഭാരം - 180000 കിലോഗ്രാം
കാശ് മുടക്കാതെയും കറങ്ങാം!
ബഹിരാകാശത്ത് യാത്ര ചെയ്യാൻ കഴിഞ്ഞില്ലെന്ന് ഓർത്ത് വിഷമിക്കേണ്ട, നിങ്ങളുടെ പേര് എഴുതി നാസായ്ക്ക് അയച്ചുകൊടുത്താൽ മതിയാകും. ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായ ഓറിയോൺ സ്‌പെയ്‌സ് ക്രാഫ്ടിനകത്തുള്ള മെമ്മറികാർഡിൽ ഇത് ശേഖരിക്കും. 20 ദിവസത്തിൽ കൂടുതൽ ചന്ദ്രനെ വലംവയ്ക്കുകയും ചെയ്യും. ഉദാഹരണത്തിന്, പണ്ട് കേരളത്തിലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട വനിതകൾ, മാറ് മറയ്ക്കണമെങ്കിൽ നികുതി അടയ്ക്കണമായിരുന്നു. ഇത് ചോദ്യം ചെയ്ത് നികുതിപണത്തിനായി സ്വന്തം മാറ് മുറിച്ചുകൊടുത്ത ധീരവനിത, ചേർത്തല സ്വദേശി നങ്ങേലിയുടെ പേര് ബഹിരാകാശ യാത്രയിൽ ഉൾപ്പെടുത്തിയാൽ പടത്തിൽ കാണിച്ചിരിക്കുന്ന പോലെ നാസയുടെ ഒരു ബോർഡിംഗ് പാസ് കിട്ടും. ബഹിരാകാശത്ത് ഈ പേരുകാരി കാശ് ചെലവാക്കാതെ യാത്ര ചെയ്യും!. ആർക്കും ഇതുപോലെ രജിസ്റ്റർ ചെയ്യാം. ഇതുവരെ 21 ലക്ഷത്തിലധികം പേർ പേരുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡോ. വിവേകാനന്ദൻ പി. കടവൂർ