പടിഞ്ഞാറേകല്ലട: കൊല്ലം തേനി ദേശീയപാത 183 റോഡിന്റെ പുതിയ അലൈൻമെന്റ് രൂപീകരിക്കുന്നതിന്റെ ഭാഗമായി അഞ്ചാലുംമൂട് , പെരുമൺ , കണ്ണങ്കാട് , കാരാളിമുക്ക് , ശാസ്താംകോട്ട, വഴി ഭരണിക്കാവ് റൂട്ട് പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ അഞ്ചാലുംമൂട് , കുണ്ടറ, കടപുഴ , ഭരണിക്കാവ് പ്രദേശങ്ങളിലേക്കുള്ള ദൂരം 22 കിലോമീറ്റർ ആണ് . പുതിയ ബൈപ്പാസ് ഇതുവഴി നിർമ്മിച്ചാൽ ഏകദേശം 5 കിലോമീറ്ററോളം ദൂര ലാഭവും സമയ ലാഭവും സാമ്പത്തിക നേട്ടവും സർക്കാരിനും ജനങ്ങൾക്കും ലഭിയ്ക്കും.
കോടികളുടെ പദ്ധതിച്ചെലവ് ലാഭിക്കാം
അഷ്ടമുടിക്കായലിന് കുറുകെ നിർമ്മിക്കുന്ന പെരുമൺ പാലത്തിന്റെ നിർമ്മാണം പുരോഗമിച്ചു വരികയാണ്. ഇതോടൊപ്പം കല്ലടയാറിന് കുറുകെ കണ്ണങ്കാട്ട് കടവ് പാലവും നിർമ്മിക്കാനൊരുങ്ങുന്നു, പുതിയ അലൈൻമെന്റ് ഇതുവഴി പരിഗണിച്ചാൽ വലിയ രണ്ട് പാലങ്ങൾ നിർമ്മിക്കുന്നതിനുള്ള കോടികളുടെ പദ്ധതിച്ചെലവ് സർക്കാരിന് ലാഭിയ്ക്കുവാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം. പൊതുവേ ജനവാസ മേഖല കുറഞ്ഞ പ്രദേശമായ പെരുമൺ കണ്ണങ്കാട് റൂട്ടിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള വലിയ ചെലവും ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. ടൂറിസം വില്ലേജായ മൺട്രോ തുരുത്തിനും കൂടാതെ പെരിനാട്, മൺറോത്തുരുത്ത്, ശാസ്താംകോട്ട, റെയിൽവേ സ്റ്റേഷനുകളുടെയും പഞ്ചായത്തുകളുടെയും സമഗ്രവികസനത്തിന് ഈ പാതയുടെ വരവ് വളരെയേറെ പ്രയോജനപ്പെടും.
പുതിയ ബൈപാസിന് പെരുമൺ , കണ്ണങ്കാട് വഴിയുള്ള പാത ഉൾപ്പെട്ടാൽ അഞ്ചാലുംമൂട് , പെരിനാട്, പനയം, മൺറോത്തുരുത്ത്, ശാസ്താംകോട്ട,പടിഞ്ഞാറേകല്ലട, തേവലക്കര, മൈനാഗപ്പള്ളി എന്നീ ഗ്രാമ പഞ്ചായത്തുകളുടെ സമഗ്രവികസനം പ്രതീക്ഷിക്കാം.
പി .രാജേന്ദ്രപ്രസാദ്
കൊല്ലം ഡി.സി.സി. പ്രസിഡന്റ്
ടൂറിസം വില്ലേജായ മൺറോത്തുരുത്തിനും സമീപ ഗ്രാമപഞ്ചായത്തുകളിലെ കൃഷി, വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളിൽ ഒരു പുത്തൻ ഉണർവുണ്ടാകും.വഴുതാനത്ത് ബാലചന്ദ്രൻ ,
കേരള കോൺഗ്രസ് (എം )
കൊല്ലം ജില്ലാ പ്രസിഡന്റ്
ഖജനാവിന് കോടിക്കണക്കിന് രൂപ ലാഭമുണ്ടാകും സമയ, ദൂര ലാഭം ഒപ്പം ആളുകളുടെ യാത്രാ ചെലവ് കുറയും കൂടാതെ കൊല്ലം എറണാകുളം റെയിൽവേ ലൈനിന് സമാന്തരമായി വരുന്ന ഈ പാത മൺറോത്തുരുത്ത് ഹാൾട്ട് റെയിൽവേസ്റ്റേഷനെ ഭാവിയിൽ ഒരു ഉപഗ്രഹ സ്റ്റേഷനാക്കി മാറ്റി യാൽ കൊല്ലം റെയിൽവേ സ്റ്റേഷന്റെ തിരക്ക് കുറയ്ക്കാനാകും.
എസ്. പ്രദീപ് കുമാർ . എൻ .സി .പി സംസ്ഥാന സമിതി അംഗം.