
കൊല്ലം: ആനച്ചന്തവും മേളപ്പെരുക്കവും കുടമാറ്റവുമായി കൊല്ലം പൂരം ജനമനസുകൾക്ക് ആവേശപ്പെരുമഴയായി. കൊവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞ സന്ധ്യയിൽ ആശ്രാമം മൈതാനി നിറഞ്ഞ ആയിരങ്ങൾക്ക് വർണാഭമായ കാഴ്ചയായി പൂരം.
ഇരുഭാഗത്തും 11 കരിവീരന്മാർ വീതം അണിനിരന്നു. താമരക്കുളം മഹാഗണപതിയും പുതിയകാവ് ദേവിയും ആശ്രാമം മൈതാനത്ത് മുഖാമുഖം നിരന്നതോടെ കുടമാറ്റ ചടങ്ങുകൾക്ക് തുടക്കമായി. പിന്നെ മേളങ്ങളുടെ അകമ്പടിയോടെ വർണങ്ങൾ മാറിമറിഞ്ഞു. പൂത്തുലയുന്ന വെഞ്ചാമരങ്ങൾക്കും ആലവട്ടങ്ങൾക്കും മേലേ വർണക്കുടകൾ കാഴ്ചയുടെ വിസ്‌മയമൊരുക്കി. കഥകളിയും മോഹിനിയാട്ടവും മാത്രമല്ല, വൈവിദ്ധ്യമാർന്ന പലതരം കുടകളും ഇരുകൂട്ടരും പ്രദർശിപ്പിച്ചു.
ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായിരുന്നു ക്ഷേത്ര സന്നിധിയിലും ആശ്രാമം മൈതാനത്തും നടന്ന കുടമാറ്റം. ഗജവീരന്മാരായ തൃക്കടവൂർ ശിവരാജു ഉണ്ണിക്കണ്ണന്റെയും പല്ലാട്ട് ബ്രഹ്മദത്തൻ താമരക്കുളം മഹാഗണപതിയുടെയും ഈരാറ്റുപേട്ട അയ്യപ്പൻ പുതിയകാവ് ഭഗവതിയുടെയും തിടമ്പേറ്റി. ഇന്നലെ രാവിലെ 10ന് ക്ഷേത്രങ്ങളിൽ നിന്ന് ചെറുപൂരങ്ങളുടെ എഴുന്നള്ളത്ത് തുടങ്ങിയതോടെ നഗരം പൂര ലഹരിയിലായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെറുപൂരങ്ങൾ എത്തിച്ചേർന്നതോടെ ക്ഷേത്രാങ്കണത്തിൽ ആന നീരാട്ട് ആരംഭിച്ചു. തുടർന്ന് ആനഊട്ടും നടന്നു. ഭഗവാന്റെ തിടമ്പേറ്റിയ തൃക്കടവൂർ ശിവരാജുവാണ് അവസാനമായി എത്തിയത്. തുടർന്ന് പുതിയകാവ് ഭഗവതിയുടെയും താമരക്കുളം മഹാഗണപതിയുടെയും എഴുന്നള്ളത്തിന് തുടക്കമായി.
ചൊവ്വല്ലൂർ മോഹനവാര്യരും വൈക്കം ക്ഷേത്ര കലാപീഠം തൃക്കടവൂർ അഖിലും മേളപ്പെരുക്കത്തിന് നേതൃത്വം നൽകി. കൊടിയിറക്കി തിടമ്പേറ്റിയ ഗജവീരൻ എഴുന്നള്ളി നിന്നതോടെ തിരുമുന്നിൽ കുടമാറ്റം ആരംഭിച്ചു. ഇതിന് മുമ്പേ പുതിയകാവ് ദേവിയുടെയും താമരക്കുളം മഹാഗണപതിയുടെയും എഴുന്നള്ളത്ത് എത്തിച്ചേർന്നിരുന്നു.
മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. മന്ത്രി ജെ. ചിഞ്ചുറാണി ദീപം തെളിച്ചു. എം.എൽ.എമാരായി എം. നൗഷാദ്, എം. മുകേഷ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ പ്രസന്ന് ഏണസ്റ്റ് തുടങ്ങിയവർ പങ്കെടുത്തു.