
കൊല്ലം: വിഷു ആഘോഷത്തിന്റെ ഭാഗമായി അയുദ്ധിന്റെ നേതൃത്വത്തിൽ അമൃതപുരിയിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വൃക്ഷത്തൈകൾ കൈനീട്ടമായി നൽകി. സംഗീത സംവിധായികയും പിന്നണി ഗായികയുമായ ഗൗരി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. തുടർന്ന് 'ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി...' എന്ന കവിത എല്ലാവരും ചേർന്ന് ആലപിച്ചു. അമൃതപുരി കാമ്പസിലെ വിദ്യാർത്ഥികൾക്കായി 2500 ലേറെ വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്. തുടർന്ന് നൃത്താവിഷ്‌കാരം, മൈം എന്നിവ നടന്നു. സ്‌കൂൾ ഒഫ് സ്പിരിച്വൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പൽ അച്യുതാമൃത ചൈതന്യ, എൻജിനിയറിംഗ് ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ, അസോ. ഡീൻ ഡോ. എസ്.എൻ. ജ്യോതി, സ്‌കൂൾ ഒഫ് ആർട്‌സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. നാരായണൻകുട്ടി കറുപ്പത്ത്, രജിസ്ട്രാർ ഡോ. കെ. ശങ്കരൻ എന്നിവർ പങ്കെടുത്തു.