കൊല്ലം: കൊട്ടാരക്കര പെരുംകുളം റേഷൻകടമുക്ക്- മൂഴിക്കോട് റോഡിലെ യാത്രാദുരിതം തീരുന്നില്ല. ദിവസവും അപകടത്തിൽപ്പെടുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ എണ്ണം പെരുകുമ്പോഴും അധികൃതർക്ക് നിസംഗത. കൊട്ടാരക്കര- പുത്തൂർ റോഡിനെയും കൊട്ടാരക്കര- പൂവറ്റൂർ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് വർഷങ്ങളായി തകർന്നുകിടന്നതാണ്. പി.ഐഷാ പോറ്റി എം.എൽ.എയായിരിക്കെയാണ് ബി.എം.ആൻഡ് ബി.സി സാങ്കേതിക വിദ്യയിൽ ഏറ്റവും മികച്ച ഗുണനിലവാരത്തോടെ റോഡ് നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്. കിഫ്ബിയിൽ നിന്ന് 2.70 കോടി രൂപയും അനുവദിച്ചു. റേഷൻകട ഭാഗം മുതൽ റോഡിന്റെ വശങ്ങൾ കെട്ടി ഉയർത്തി മണ്ണിട്ട് കയറ്റവും ഇറക്കവും കുറച്ചപ്പോൾത്തന്നെ നാടിന്റെ യാത്രാദുരിതങ്ങൾ പൂർണമായും നീങ്ങുമെന്ന് കരുതി. രണ്ട് വർഷം മുൻപ് തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോയതോടെ യാത്രാ ദുരിതമേറി. പച്ചമണ്ണിട്ട് ഉയർത്തിയ ഭാഗത്ത് മഴപെയ്തതോടെ ചെളിക്കുണ്ടായി. റോഡ് മുഴുക്കെ ചെളി നിറഞ്ഞതോടെ നടന്നുപോലും പോകാനാകാതെ നാട്ടുകാർ വലഞ്ഞു. ഏറെ പ്രതിഷേധങ്ങൾക്ക് ശേഷം മെറ്റലിംഗ് നടത്തിയപ്പോഴാണ് ആ ദുരിതം മാറിയത്. ഇപ്പോൾ മെറ്റലുകൾ ഇളകിത്തെറിച്ച് പഴയതിലും ദുരിതമായി മാറി. നാളിതുവരെ നൂറിൽപരം വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
വേനൽമഴയിൽ ഒലിച്ചുപോയി
മെറ്റലിംഗ് നടത്തി ഒരുപാട് നാളുകൾ പിന്നിട്ടപ്പോഴും ടാറിംഗ് നടത്താതെ കരാറുകാരൻ പിൻവാങ്ങിനിന്നു. കഴിഞ്ഞ വേനൽ മഴയത്ത് മെറ്റലിംഗ് മിക്കയിടത്തും ഒലിച്ചുപോയി. റോഡിന് നടുവിൽ കുഴികൾ രൂപപ്പെട്ടു. 'വേനൽമഴ: പെരുംകുളം റോഡ് തകർന്നു' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെ തൊട്ടടുത്ത ദിവസം കരാറുകാരനും സംഘവും വീണ്ടുമെത്തി. റേഷൻകടമുക്ക് ഭാഗം മുതൽ കളീലുവിള ജംഗ്ഷൻ വരെ ഒന്നാം ഘട്ട ടാറിംഗ് നടത്തി. ഈ ഭാഗത്തെ ദുരിതത്തിന് താത്കാലിക ശമനമായി. എന്നാൽ കളീലുവിള ഭാഗം മുതൽ മൂഴിക്കോട് വരെയാണ് റോഡിന്റെ തകർച്ച കൂടുതലായുള്ളത്. വലിയമാഠം ഭാഗത്തും ലക്ഷംവീട് ഭാഗത്തും റോഡിൽ മെറ്റൽ ഇളകിത്തെറിച്ചതിനാൽ തീർത്തും ബുദ്ധിമുട്ടാണ്. ഇന്നലെയും മൂന്ന് ഇരുചക്ര വാഹനങ്ങൾ ഇവിടെ മറിഞ്ഞു. കളീലുവിള ഭാഗംവരെ ഒന്നാം ഘട്ട ടാറിംഗ് നടത്തിയെങ്കിലും ബാക്കി ഭാഗം നടത്താതെ ജോലിക്കാർ മടങ്ങി.കരാറുകാരന്റെ അനാസ്ഥ തുടരുമ്പോഴും ഇക്കാര്യം അധികൃതർ ഗൗരവത്തിലെടുത്തിട്ടില്ല.
പെരുംകുളം റേഷൻകടമുക്ക്- മൂഴിക്കോട് റോഡിന്റെ അരികിൽ താമസിക്കുന്നയാളെന്ന നിലയിൽ ഏറെനാളായി യാത്രാ ദുരിതം അനുഭവിക്കുകയാണ്. കാറിൽ യാത്ര ചെയ്താൽ മെറ്റലുകൾ ഇളകിത്തെറിച്ച് കാറിന് തകരാറുണ്ടാകുന്നു. റോഡരികിൽ നിൽക്കുന്നവരുടെ ദേഹത്തേക്ക് മെറ്റൽ തെറിക്കുന്നുമുണ്ട്. ബൈക്കിലാണെങ്കിൽ തീർത്തും സാഹസികാനുഭവമാണ്. അപകടങ്ങൾ നിത്യ സംഭവമായിട്ടും പരിഹാരമാകുന്നില്ല. ദിലീപ് നന്ദനം, നന്ദനം ഹോം അപ്ളയൻസസ്