
കൊട്ടാരക്കര: സാമൂഹ്യ നവോത്ഥാനത്തിന്റെ ചാലകശക്തികളായിരുന്നു കുമാരനാശാന്റെ കവിതകളെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിലെ തളവൂർക്കോണം 1190ാം നമ്പർ ശാഖയുടെ ശ്രീനാരായണ ഗുരുദേവ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്റെ ദർശനം ഉൾക്കൊണ്ട് കവിതകളുടെ ഓരോ വാക്കിലും വരിയിലും ആശാൻ അഗ്നി നിറച്ചു. ചാതുർവർണ്യ വ്യവസ്ഥിതിക്കെതിരെയുള്ള ആളിക്കത്തലായി അവ മാറുന്നതാണ് കേരളീയ സമൂഹം കണ്ടതെന്നും മന്ത്രി പറഞ്ഞു.
ശാഖാ പ്രസിഡന്റ് അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഹാളിന്റെ ഉദ്ഘാടവും യൂത്ത് മൂവ്മെന്റ് യൂണിറ്റ് ഉദ്ഘാടനവും നിർവഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. പി.അരുൾ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. എം.എൻ. നടരാജൻ, അഡ്വ. പി. സജീവ് ബാബു, ബോർഡ് മെമ്പർ അനിൽ ആനക്കോട്ടൂർ, ശാഖാ സെക്രട്ടറി രവീന്ദ്രൻ, യൂണിയൻ കമ്മിറ്റി അംഗം അനൂപ്, ഗിരിജരാജൻ എന്നിവർ സംസാരിച്ചു.