
തൊടിയൂർ: പള്ളിക്കലാറ്റിൽ കുളിക്കാനിറങ്ങിയ സഹോദരന്മാരിൽ ഒരാൾ മുങ്ങിമരിച്ചു. തൊടിയൂർ അരമത്ത് മഠത്തിന് സമീപം മണലിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ - സുശീല ദമ്പതികളുടെ മകൻ കിഷോർകൃഷ്ണയാണ് (29) മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. സഹോദരൻ ഹരികൃഷ്ണനൊപ്പം തൊടിയൂർ പാലത്തിന് തെക്ക് തടയണയ്ക്ക് സമീപം കുളിക്കാനിറങ്ങയതായിരുന്നു കിഷോർ. ചുഴിയിൽപ്പെട്ട സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഹരികൃഷ്ണനും കയത്തിൽപെട്ടു.
ഓടിയെത്തിയ നാട്ടുകാർ ഹരികൃഷ്ണനെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചപ്പോഴാണ് കിഷോറും വെള്ളത്തിൽ മുങ്ങിയതായി അറിഞ്ഞത്. പെട്ടന്നുതന്നെ കിഷോറിനെയും കരയിൽഎത്തിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.