thodu
കൊല്ലം തോട്

കൊല്ലം: ഹരിതകേരള മിഷന്റെ 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി കൊല്ലം തോട് ശുചീകരിക്കാൻ പദ്ധതി. കൊല്ലം കോർപ്പറേഷൻ, വിവിധ സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി യൂണിറ്റുകൾ, സർക്കാർ ഏജൻസികൾ എന്നിവയുമായി ചേർന്നുള്ള പദ്ധതി അടുത്തയാഴ്ച ആരംഭിക്കും.

തോട്ടിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കുന്നതിനൊപ്പം ജലത്തിന്റെ ശുദ്ധിയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമായി തോടിന്റെ കരയിലൂടെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പുഴ നടത്തം സംഘടിപ്പിക്കും. ഈ യാത്രയിൽ മാലിന്യം കുന്നുകൂടി കിടക്കുന്ന ഭാഗങ്ങളും മാലിന്യം ഒഴുകിയെത്തുന്ന ഓടകളും പൈപ്പ് ലൈനുകളും കണ്ടെത്തും. മാലിന്യ വാഹിനികളായ പൈപ്പ് ലൈനുകൾ കോർപ്പറേഷന്റെ സഹകരണത്തോടെ അടയ്ക്കും. പിന്നീട് തോട് വൃത്തിയായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താനായി പ്രദേശവാസികളെ പങ്കെടുപ്പിച്ച് ജലസഭ ചേരും. തുടർന്ന് തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരുടെയും സന്നദ്ധ സംഘടന പ്രവർത്തകരുടെയും സഹായത്തോടെ മാലിന്യവും ചെളിയും നീക്കം ചെയ്യും.

# അടുത്ത ആഴ്ച തുടക്കം

 ശുചീകരണത്തിന് മുൻപും ശേഷവും ജലത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കും

 മഴക്കാലപൂർവ ശുചീകരണത്തിന് അനുവദിച്ചിട്ടുള്ള തുകയുടെ ഒരു ഭാഗം പുനരുദ്ധാരണത്തിന് വിനിയോഗിക്കും

 മേയ് 15 ഓടെ ആദ്യഘട്ട ശുചീകരണം പൂർത്തിയാക്കുക ലക്ഷ്യം

 സംഘടനകളുടെ യോഗം കോർപ്പറേഷൻ നേതൃത്വത്തിൽ ഈ ആഴ്ച ചേരും

# മണിച്ചിത്തോടിനും മോചനം

സംസ്ഥാന സർക്കാരിന്റെ നവകേരള കർമ്മപദ്ധതിയുടെ ഭാഗമായുള്ള തെളിനീരൊഴുകും നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം നഗരത്തിലെ പ്രധാന ജലാശയങ്ങളിലൊന്നായ മണിച്ചിത്തോട് പുനരുജ്ജീവിപ്പിക്കും.