എഴുകോൺ : വേനൽ മഴ കർഷകർക്ക് വരുത്തിയത് കനത്ത നഷ്ടം. കൊട്ടാരക്കര മേഖലയിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. പതിനയ്യായിരത്തിൽ പരം കുലച്ച വാഴകളും ഹെക്ടർ കണക്കിന് പച്ചക്കറി കൃഷിയും നശിച്ചു. എഴുകോണിൽ 5000 കുല വാഴകളാണ് കാറ്റിൽ ഒടിഞ്ഞു വീണത്. കാക്കകോട്ടൂർ , വാളായിക്കോട്, മൂഴിയിൽ ഏലാകളിലാണ് കൂടുതൽ നഷ്ടം.

കരീപ്രയിൽ നാലായിരം വാഴകളാണ് കാറ്റിൽ നിലം പൊത്തിയത്. ഇടയ്ക്കിടം, നെടുമൺ കാവ്, ഉളകോട് ഏലാകളിലാണ് കൂടുതൽ നഷ്ടം. വാക്കനാട് കുന്നുംവട്ടം ഏലായിലെ ഒരു ഹെക്ടറിൽ ഉണ്ടായിരുന്ന പയറും മറ്റ് പച്ചക്കറികളും നശിച്ചവയിൽപ്പെടുന്നു. ഇടയ്ക്കിടം മേഖലയിൽ ഒരേക്കർ പാവലും പടവലവും നശിച്ചു. കൊട്ടാരക്കരയിൽ ആയിരത്തോളം വാഴയും രണ്ട് ഹെക്ടർ പച്ചക്കറിയും പൂയപ്പള്ളിയിൽ 2500 വാഴയും ഒരേക്കർ പച്ചക്കറിയുമാണ് നശിച്ചത്. നെടുവത്തൂരിൽ വെറ്റില കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്.