cow

കൊല്ലം: ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ കുരിയോട്ടുമലയിൽ പ്രവർത്തിക്കുന്ന ഫാമിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നെയ് നിർമ്മാണം ആരംഭിക്കും. ഉല്പന്നത്തിന് ആകർഷകമായ പേര് ഉടൻ ജില്ലാ പഞ്ചായത്ത് നിശ്ചയിക്കും

ഫാമിൽ നിലവിൽ 500 പശുക്കളുണ്ട്. ഇതിൽ 150 പശുക്കൾ കറവയുള്ളതാണ്. ഇവയിൽ നിന്ന് പ്രതിദിനം ആയിരം ലിറ്റർ പാൽ ലഭിക്കുന്നുണ്ട്. അത് ഫാമിലെ കൗണ്ടർ കേന്ദ്രീകരിച്ച് വിൽക്കുന്നുണ്ട്. മൂല്യവർദ്ധിത ഉല്പന്നം എന്ന നിലയിലാണ് നെയ് ഉല്പാദനം ആരംഭിക്കുന്നത്. അതിനായി അഞ്ച് ലക്ഷം രൂപയുടെ ഉപകരണങ്ങൾ ഫാമിൽ സജ്ജമാക്കിക്കഴിഞ്ഞു. ഫാമിലെ കൗണ്ടറിന് പുറമേ ജില്ലാ പഞ്ചായത്ത് ഹോർട്ടികോർപ്പുമായി ചേർന്ന് ആരംഭിക്കുന്ന ഔട്ട്ലെറ്റുകൾ വഴിയാകും വില്പന.

പാലുല്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്ക് കടന്നുകഴിഞ്ഞു. എന്നാൽ,​ നെയ് വൻതോതിൽ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും വരുന്നുണ്ട്. വരുമാനത്തിനപ്പുറം ക്ഷീരകർഷകർക്ക് മാതൃക എന്ന നിലയിലാണ് നെയ് ഉല്പാദനം ആരംഭിക്കുന്നത്. അടുത്തഘട്ടമായി പാലിൽ നിന്നും കൂടുതൽ മൂല്യവർദ്ധിത ഉല്പന്നങ്ങൾ തയ്യാറാക്കി വിപണിയിലെത്തിക്കാനും ആലോചനയുണ്ട്.

106 ഏക്കറിലാണ് കുരിയോട്ടുമല ഫാം പ്രവർത്തിക്കുന്നത്. വൈവിദ്ധ്യമാർന്ന വളർത്തുമൃഗങ്ങളെയും പക്ഷികളെയും വർണമത്സ്യങ്ങളെയും എത്തിച്ച് ഫാമിനെ കൂടുതൽ ആകർഷമാക്കി ഫാം ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ജില്ലാ പഞ്ചായത്ത്.

ഫാമിലെ വളർത്തുമൃഗങ്ങൾ

പശു: 500

കുതിര: 5

എമു: 8

ഒട്ടകപക്ഷി: 5

'' ഫാമിൽ നെയ് ഉല്പാദനം ഉടൻ തന്നെ ആരംഭിക്കും. അതിനൊപ്പം തന്നെ ഫാം ടൂറിസത്തിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ''

ഡോ.ആർ.ജയകുമാർ,​

കുരിയോട്ടുമല ഫാം സൂപ്രണ്ട്.