പത്തനാപുരം: ആദർശത്തെ മുറുകെ പിടിച്ച് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മാതൃകയായി രാഷ്ട്രീയപ്രവർത്തനം മാറണമെന്ന് മുൻ മന്ത്രി സി.വി.പത്മരാജൻപറഞ്ഞു. രാഷ്ട്രീയനേതാവും ആവണീശ്വരം എ.പി.പി.എം.സ്കൂൾ സ്ഥാപകനുമായിരുന്ന പി.രാമചന്ദ്രൻ നായരുടെ (മാമി സാർ) സ്മരണയ്ക്കായികുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ രാഷ്ട്രസേവാപുരസ്കാരം മന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനാപുരം ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.ബി.ഗണേഷ്കുമാർ എം.എൽ.എ, അഡ്വ.കെ.പ്രകാശ്ബാബു, ഡോ.പുനലൂർ സോമരാജൻ, അഡ്വ. എസ്.വേണുഗോപാൽ, ആർ.ദിവാകരൻപിള്ള, ആർ.പത്മഗിരീഷ്, ഡോ. മീര ആർ. നായർ എന്നിവർ സംസാരിച്ചു.