പരവൂർ: വരാൻ പോകുന്ന നാളുകൾ അനിയന്ത്രിതമായ വിലക്കയറ്റത്തിന്റെയും പ്രതിസന്ധികളുടേതുമാകാൻ സാദ്ധ്യത ഏറെയാണെന്നും ഞാറ്റുവേല പോലെയുള്ള കാർഷിക സംഘടനകൾക്ക് ഭക്ഷ്യ സ്വയംപര്യാപ്തതയിൽ വലിയപങ്ക് വഹിക്കാനാകുമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പരവൂരിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തനമാരംഭിച്ച ഞാറ്റുവേല കാർഷിക വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഞാറ്റുവേലയുടെ പൾവറൈസ്, എക്സ്പെല്ലർ യൂണിറ്റുകളുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ പി.ശ്രീജയും തേങ്ങ, ചക്ക, മാങ്ങ, മരച്ചീനി എന്നിവ ഉണക്കുന്ന യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ളയും ഞാറ്റുവേല നാടൻ ഉത്പന്ന വിപണന കേന്ദ്രം മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും ഹയറിംഗ് സെന്ററിന്റെ ഉദ്ഘാടനം നെടുങ്ങോലം രഘുവും പച്ചക്കറി നഴ്സറിയുടെ ഉദ്ഘാടനം കൗൺസിലർ സ്വർണ്ണമ്മ സുരേഷും നിർവഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷൻ സഫർ കയാൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഞാറ്റുവേല വിപണന കേന്ദ്രത്തിന്റെ ആദ്യ വില്പനയുടെ ഉദ്ഘാടനം ക്ഷേമകാര്യ സമിതി അദ്ധക്ഷൻ എസ്. ശ്രീലാൽ സി.പി.എം ഏരിയ സെക്രട്ടറി കെ.സേതുമാധവന് പൊക്കാളി അരി നൽകി നിർവഹിച്ചു.