കൊല്ലം: ഉത്സവപ്പറമ്പിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പക്ഷം പിടിച്ചതിന് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. പാരിപ്പള്ളി എഴിപ്പുറം ലക്ഷം വീട് കോളനിയിൽ ചിറയിൽ പുത്തൻ വീട്ടിൽ അജി (33) ആണ് പിടിയിലായത്.
പാരിപ്പളളി എഴിപ്പുറം പുതുവിള പുത്തൻ വീട്ടിൽ ഗിരീഷിനാണ് കുത്തേറ്റത്.
ഗിരീഷിന്റെ സഹോദരിയുടെ മക്കളും പ്രതികളും തമ്മിൽ ഗുരുനാഗപ്പൻ കാവിലെ ഉത്സവത്തിനിടെ വാക്കേറ്റവും തുടർന്ന് കൈയ്യാങ്കളിയും ഉണ്ടായി. ഇതിൽ ഇടപെട്ട് യുവാക്കളെ പിടിച്ച് മാറ്റിയ വിരോധമാണ് ആക്രമണത്തിന് കാരണം. തുടർന്ന് ക്ഷേത്രത്തിലെ ഉരുൾ നേർച്ചയുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ നടത്തി കൊണ്ടിരുന്ന ഗിരീഷിനെ ആട്ടോയിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കല്ല് കൊണ്ട് എറിഞ്ഞ് വീഴ്തി കത്തി കൊണ്ട് വയറ്റിൽ കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ഗിരീഷിനെ പാലത്തറയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.