പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ പോരുവഴി ചാത്താകുളം 3856-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ നിർവഹിച്ചു. ഇതിന്റെ ഭാഗമായി നടന്ന അദ്ധ്യാത്മിക വൈദിക കർമങ്ങൾക്ക് ജയദേവൻ തന്ത്രി നേതൃത്വം നൽകി. ഗുരുദേവ പ്രതിഷ്ഠയും ക്ഷേത്രവും നാട്ടുകാർക്ക് സമർപ്പിച്ചത് ചാത്താകുളം ലക്ഷ്മി നിവാസിൽ ത്യാഗി മലയിൽ ആണ്. ഗുരുദേവ പ്രതിഷ്ഠാ വിളംമ്പര പ്രയാണത്തിന്റെ പതാക കൈമാറൽ എസ്.എൻ.സി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി. ബേബികുമാർ നിർവ്വഹിച്ചു. പ്രതിഷ്ഠാ ഘോഷയാത്ര കുന്നത്തൂർ യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജ് ഉദ്ഘാടനം ചെയ്തു. സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് മുൻ ശാഖാ നേതാക്കളെ ആദരിച്ചു. ഗുരു പ്രഭാഷണം കുന്നത്തൂർ .യൂണിയൻ സെക്രട്ടറി ഡോ.പി. കമലാസനൻ ഉദ്ഘാടനം ചെയ്തു. ഗുരുദർശനത്തിന്റെ ആനുകാലിക പ്രസക്തി എന്ന വിഷയത്തിൽ വൈക്കം മുരളി പ്രഭാഷണം നടത്തി. സമാപന സമ്മേളനം കുന്നത്തൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി. അജയകുമാർ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് അംഗം ശ്രീലയം ശ്രീനിവാസൻ ശില്പികളെ ആദരിച്ചു. തുടർന്ന് ശ്രീനാരായണ ധർമ്മം മാനവ ജീവിതത്തിൽ എന്ന വിഷയത്തിൽ സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ.മോഹനൻ സ്വാഗതവും വൈസ് പ്രസിഡന്റ് പുഷ്പലത നന്ദിയും പറഞ്ഞു.