photo-
ഫോട്ടോ: മൈനാഗപ്പള്ളി പള്ളിമുക്കിൽ അപകടകരമായ വിധത്തിൽ നിൽക്കുന്ന ഇലവ് മരം.

ശാസ്താംകോട്ട: മൈനാഗപ്പള്ളി പള്ളിമുക്കിലെ റോഡരികിൽ അപകടകരമായി നിൽക്കുന്ന ഇലവ് മരംമുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പള്ളിമുക്ക് യൂണിറ്റ് കമ്മിറ്റി സമരത്തിനൊരുങ്ങുന്നു. നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന കരുനാഗപ്പള്ളി - ശാസ്താംകോട്ട പ്രധാന പാതയോരത്താണ് മരം അപകടകരമായ വിധത്തിൽ വളർന്ന് നിൽക്കുന്നത്. തൊട്ടടുത്ത് കൂടി 11 കെ.വി ഇലക്ട്രിക് ലൈൻ കടന്ന് പോകുന്നുണ്ട്. മരത്തിന് തൊട്ടടുത്ത് തന്നെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഓട്ടോറിക്ഷാ സ്റ്റാൻഡുകളും. നിരവധി കടകളും ഇവിടെ ഉണ്ട്. മരം മറിഞ്ഞു വീഴുകയോ മറ്റോ ചെയ്താൽ വലിയ ദുരന്തമായിരിക്കും ഫലം. മരംമുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പി.ഡബ്ലൂ.ഡി അധികൃതർക്കും പഞ്ചായത്ത് അധികൃതർക്കും നിരവധി തവണപരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് സമരത്തിനൊരുങ്ങുന്നത്. മരം അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് യൂത്ത് കോൺഗ്രസ് പള്ളിമുക്ക് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചു.

യോഗത്തിൽ മഠത്തിൽ അനസ്ഖാൻ, മിഥുലാജ്, സെയ്ദ് ചാമത്തുണ്ടിൽ, ജുനൈദ്, അലിയാർ, നിസാം എന്നിവർ സംസാരിച്ചു.