കൊല്ലം: എ.ടി.എം യന്ത്രത്തിന് കേടുവരുത്തി പണം കവരുന്ന സംഘം കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായതായി സൂചന. അന്യസംസ്ഥാനക്കാരായ രണ്ട് യുവാക്കളാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
യന്ത്രത്തിൽ നിന്ന് പണം നഷ്ടമായ വിവരം ബാങ്കിന് ലഭിക്കാത്ത തരത്തിൽ സെൻസറിൽ കേടുവരുത്തി കവർച്ച നടത്തുന്ന സംഘമാണെന്നാണ് വിവരം. സെൻസർ കേടുവരുത്തിയ ശേഷം എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കും. ഇതിനിടയിൽ യന്ത്രം നോട്ട് എണ്ണുമ്പോൾ യന്ത്രത്തിനുള്ളിൽ നിന്ന് കൂടുതൽ വലിച്ചെടുക്കുന്നതാണ് രീതി. മറ്റ് സംസ്ഥാനങ്ങളിലടക്കം നിരവധി കവർച്ച നടത്തിയ സംഘം കൊല്ലം നഗരത്തിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.