ഇരവിപുരം: കൊല്ലം കോർപ്പറേഷനിലെ കൊല്ലൂർവിള ഡിവിഷനിൽപ്പെട്ട വൈ മുക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ റോഡിൽ ഓടയുടെ മേൽമൂടി തകർന്നു കാൽനട യാത്രക്കാരും ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെട്ടിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.
വൈ മുക്കിനടുത്ത് റോഡ് ആരംഭിക്കുന്ന ഭാഗത്താണ് ഓടയുടെ മേൽമൂടി തകർന്നു കിടക്കുന്നത്. റോഡിന്റെ മദ്ധ്യഭാഗത്തു കൂടിയാണ് ഓട പോകുന്നത്. സ്ലാബ് തകർന്ന് കമ്പി പുറത്തേക്ക് തള്ളി നിൽകുന്ന നിലയിലാണ്. അപകടങ്ങൾ പതിവായതോടെ നാട്ടുകാർ ഒരു സ്കൂട്ടറിന്റെ അവശിഷ്ടങ്ങൾ സ്ലാബ് തകർന്ന ഭാഗത്ത് അപായ സൂചനയെന്നോണം വച്ചിരിക്കുകയാണ്. വിവരം പല തവണ കൗൺസിലറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
പൊട്ടിയ സ്ലാബിനടുത്തുള്ള ഒരു മതിൽ തകർന്നു വീണ് അടുത്തിടെ ഒരാളുടെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു. തകർന്നു കിടക്കുന്ന മേൽമൂടി മാറ്റി സ്ഥാപിക്കാൻ കോർപ്പറേഷൻ അധികൃതരുടെ ഭാഗത്തു നിന്നു അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.