കൊല്ലം: കൊച്ചുപിലാംമൂട് പാലത്തിന് സമീപം കൊല്ലം തോടിന്റെ കരയിലുള്ള തുമ്പൂർമൂഴി മോഡൽ എയ്റോബിക് യൂണിറ്റ് പൊളിച്ചുമാറ്റും. ഈ യൂണിറ്റിന്റെ മറപറ്റി തോടിന്റെ കരയിൽ മാലിന്യ നിക്ഷേപം രൂക്ഷമായ സാഹചര്യത്തിലാണ് കോർപ്പറേഷൻ തീരുമാനം.

എയ്റോബിക് യൂണിറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം വർഷങ്ങളായി മാലിന്യ നിക്ഷേപ കേന്ദ്രമാണ്. ഇതിന് തടയിടാനാണ് അഞ്ച് വർഷം മുൻപ് കോർപ്പറേഷൻ ഇവിടെ തുമ്പൂർമൂഴി മോഡൽ എയ്റോബിക് യൂണിറ്റ് സ്ഥാപിച്ചത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും എത്തിക്കുന്ന മാലിന്യം തരംതിരിച്ച് ഓരോ യൂണിറ്റിലുമായി​ സംസ്കരിക്കാൻ ജീവനക്കാരെയും നിയോഗിച്ചിരുന്നു. എന്നാൽ നാളുകൾ പിന്നിട്ടതോടെ രാത്രികാലങ്ങളിൽ ദൂരെ സ്ഥലങ്ങളിൽ നിന്നു വാഹനങ്ങളിൽ പ്ലാസ്റ്റിക്, ആശുപത്രി മാലിന്യങ്ങളും കൊല്ലം തോടിന്റെ കരയിൽ വീണ്ടും നിക്ഷേപിച്ച് തുടങ്ങി.

മാലിന്യക്കൂന മല പോലെ ആയി​ത്തുടങ്ങി​. ഇടയ്ക്കിടെ തീ പിടിക്കുന്നതിന് പുറമേ തെരുവ് നായ്ക്കളും സ്ഥലം താവളമാക്കി. ഇതിനിടെ, പരിപാലനത്തിന് നിയോഗിച്ചിരുന്ന ജീവനക്കാരെ പിരിച്ചുവിട്ടതോടെ എയ്റോബിക് യൂണിറ്റ് അനാഥമായി. ഇതോടെ സ്ഥലത്ത് മാലിന്യ നിക്ഷേപം കൂടുതൽ രൂക്ഷമായി. മാലിന്യം തെരുവ് നായ്ക്കൾ കടിച്ചുവലിച്ച് പ്രദേശമാകെ പരത്തി​. തോട്ടിലും മാലി​ന്യം നി​റയാൻ തുടങ്ങി​. മഴക്കാലത്ത് മാലിന്യം ചീഞ്ഞഴുകി തോട്ടിലേക്ക് ഒഴുകുന്ന സ്ഥി​തി​യായി​. പ്രതിഷേധം ശക്തമായതോടെയാണ് എയ്റോബിക് യൂണിറ്റ് ഇവിടെ നിന്നു നീക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്.