കൊല്ലം: അഷ്ടമുടിക്കായലിൽ മാലിന്യം തള്ളുന്നത് തടയാൻ ലിങ്ക് റോഡിന് സമീപം നിരീക്ഷണ കാമറകൾ സ്ഥാപിക്കും. കാമറയിലെ ദൃശ്യങ്ങൾ കോർപ്പറേഷൻ ഓഫീസിലും സിറ്റി പൊലീസിന്റെ കൺട്രോൾ റൂമിലും നിരീക്ഷിക്കും.
അഷ്ടമുടിക്കായലിൽ ഏറ്റവും കൂടുതൽ മാലിന്യം അടിഞ്ഞുകൂടുന്ന പ്രദേശമാണ് ലിങ്ക് റോഡിന്റെ ഓരം. വാഹനങ്ങളിലെത്തിയും അല്ലാതെയും ഈ ഭാഗത്ത് കായലിൽ മാലിന്യ നിക്ഷേപം പതിവാണ്. അതുകൊണ്ടു തന്നെ ഇടയ്ക്കിടെ ശുചീകരിച്ചാലും ഇവിടെ ആശുപത്രി മാലിന്യങ്ങളും പ്ലാസ്റ്റിക്ക് കുപ്പികളും കക്കൂസ് മാലിന്യവും കുന്നുകൂടുകയാണ്. ഇതിന് തടയിടാനാണ് കാമറകൾ സ്ഥാപിക്കുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ചുമത്താനാണ് കോർപ്പറേഷൻ തീരുമാനം.
ഹോക്കി സ്റ്റേഡിയത്തിലേക്ക് തിരിയുന്ന ഭാഗം മുതൽ ബോട്ട് ജെട്ടി വരെ മൂന്നര മീറ്റർ ഉയരത്തിൽ കായലിന്റെ കരയിൽ ഇരുമ്പ് വേലി നിർമ്മിക്കും. ഇതിന് പുറമേ ലിങ്ക് റോഡിൽ കായലിന്റെ കരയിൽ നിലവിലുള്ള നടപ്പാതയുടെ വശത്ത് ഹാൻഡ് റെയിലും സ്ഥാപിക്കും. 75 ലക്ഷം ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ ടെണ്ടർ നടപടികൾ ആരംഭിച്ചു.