
കൊട്ടാരക്കര: എം.സി റോഡിൽ കുളക്കടയ്ക്കു സമീപം കാർ സ്കൂട്ടറിൽ ഇടിച്ച്, സ്കൂട്ടർ ഓടിച്ചിരുന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. കുളക്കട -എ ബ്രാഞ്ച് സെക്രട്ടറി കുളക്കട ഉദയഭവനിൽ ഉദയകുമാർ (62) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9ന് ആയിരുന്നു അപകടം.
ആവണീശ്വരം പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യ പത്മകുമാരിയെ ജോലിക്കു പോകാനായി ബസ് കയറ്റിവിട്ട ശേഷം മടങ്ങുകയായിരുന്ന ഉദയകുമാറിന്റെ സ്കൂട്ടറിനു പിന്നിലാണ് കാർ ഇടിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഡോക്ടറാണ് കാർ ഓടിച്ചിരുന്നത്. റോഡിൽ തലയടിച്ചു വീണ ഉദയകുമാറിനെ ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ . മക്കൾ: അശ്വതി, ഉദയൻ, ഡോ. ആശ. മരുമക്കൾ: രതീഷ്, ഗോകുൽ.