phot
ആര്യങ്കാവ് പഞ്ചായത്തിലെ ആനച്ചാടി രാജചോലയിൽ ഇറങ്ങിയ കാട്ടാനകൾ നശിപ്പിച്ച കാർഷിക വിളകൾ

പുനലൂർ: തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന ആര്യങ്കാവ് പഞ്ചായത്തിലെ ആനച്ചാടി രാജചോലയിൽ കാട്ടാനകൾ ഇറങ്ങി , കാർഷിക വിളകൾ നശിപ്പിച്ചു. രാജചോലയിലെ ടി.ആർ ആൻഡ് ടി തേയില തോട്ടത്തിന് സമീപത്തെ താമസക്കാരനായ പി.രാജുവിന്റെയും മറ്റ് തൊഴിലാളികളുടെയും കൃഷികളാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ നശിപ്പിച്ചത്. രാജുവിന്റെ വീടിനോട് ചേർന്ന പുരയിടത്തിലെ 50 മൂട് വാഴ,തെങ്ങ്, അടയ്ക്ക തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. പുലർച്ചെയാണ് കാർഷിക വിളകൾ നശിപ്പിച്ചത് വീട്ടുടമ കണ്ടത്.

വനപാലകർ പട്രോളിംഗ് നടത്തണം

എസ്റ്റേറ്റിലെ കാട്ടിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ സന്ധ്യയോടെയാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. ഇത് കൂടാതെ എസ്റ്റേറ്റ് മേഖലയിലെ ആനച്ചാടി, വെഞ്ച്വർ, ഇരുളൻകാട്, 27മല,അമ്പനാട്,പൂന്തോട്ടം ,താഴെ ആനച്ചാടി തുടങ്ങി നിരവധി സ്ഥലങ്ങളിൽ കാട്ടാനകളും പുലിയും ഇറങ്ങുന്നത് പതിവായി. റബർ തോട്ടം മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് കാരണം തൊഴിലാളികൾ ടാപ്പിംഗിന് ഇറങ്ങാൻ ഭയപ്പെടുകയാണ്.തെന്മല ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിൽ ഉൾപ്പെട്ട തോട്ടം മേഖലയിലാണ് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നത്. തോട്ടം മേഖല കേന്ദ്രീകരിച്ച് വനപാലകർ പട്രോളിംഗ് നടത്തിയാൽ തൊഴിലാളികളുടെ ഭീതി അകറ്റാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.