കൊല്ലം: കൊട്ടാരക്കര പെരുംകുളം റേഷൻകടമുക്ക്- മൂഴിക്കോട് റോഡിന്റെ ടാറിംഗ് കഴിഞ്ഞാലും ദുരിതം മാറില്ല. ശരിയായ വിധം ഓട നിർമ്മിക്കാതെ റോഡ് നിർമ്മിക്കാനുള്ള ശ്രമം പാളിപ്പോകുന്നതാണ് കഴിഞ്ഞ മഴയത്ത് കണ്ടത്. ലക്ഷംവീട് ഭാഗം, വലിയമാഠം ഭാഗം എന്നിവിടങ്ങളിൽ റോഡിന്റെ ഇരുവശത്തെയും മെറ്റലും മണ്ണും പൂർണമായും ഒലിച്ചുപോയ സ്ഥിതിയാണ്. വീണ്ടും മെറ്റലിട്ട് നിരപ്പാക്കി ഇതിന് മുകളിൽ ടാറിംഗ് നടത്തിയാലും നല്ല മഴപെയ്താൽ ഒലിച്ചുപോകും. കുടിവെള്ള പദ്ധതിയ്ക്കായി റോഡിന്റെ ഇരുവശങ്ങളിലും ആഴത്തിൽ കുഴിയെടുത്തിരുന്നതാണ്. റോഡിന്റെ പഴയ സ്ഥിതി മാറി. ഇതിന് മുകളിൽ മെറ്റലിട്ടതൊക്കെ കുത്തൊഴുക്കിൽ ഒലിച്ചുപോകുന്ന സ്ഥിതിയാണ്. പലയിടത്തും ഇപ്പോൾ മണ്ണും മെറ്റലുമില്ല. കയറ്റവും ഇറക്കവുമുള്ള ഭാഗങ്ങളിൽ ഓട നിർമ്മിക്കാതെ ഇരുവശവും എത്തിച്ച് ടാറിംഗ് നടത്താനുള്ള ശ്രമം ദോഷംചെയ്യും.
മഴക്കാലത്ത് കൂടുതൽ ദുരിതമാകും
കിഫ്ബിയിൽ ഉൾപ്പെടുത്തി 2.70 കോടി രൂപ മുടക്കി റോഡ് നിർമ്മാണത്തിന് തുടക്കമിട്ടപ്പോൾ വേണ്ടുംവിധം വിലയിരുത്തലോ പഠനമോ നടത്തിയില്ലെന്നാണ് ആക്ഷേപം. വേനൽ മഴയത്തുപോലും കുത്തൊഴുക്കിൽ റോഡ് ഒലിച്ചുപോയ സ്ഥിതിയ്ക്ക് വരുന്ന മഴക്കാലത്ത് കൂടുതൽ ദുരിതമുണ്ടാകുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റേഷൻകടമുക്ക് മുതൽ കളീലുവിള ഭാഗംവരെ ഇപ്പോൾ ഒന്നാം ഘട്ട ടാറിംഗ് നടത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ശേഷിക്കുന്ന ഭാഗത്തെ ടാറിംഗ് നടത്തുമെന്നാണ് ഇന്നലെ ബന്ധപ്പെട്ടവർ അറിയിച്ചത്. എന്നാൽ കാട്ടിക്കൂട്ടി ടാറിംഗ് നടത്തി ബില്ല് മാറിയാൽ റോഡ് പഴയതിലും ഗതികേടിലേക്ക് മാറും.
പിന്നെയും അപകടങ്ങൾ
ഇന്നലെ പുലർച്ചെ ലക്ഷംവീട് ഭാഗത്തായി സ്കൂട്ടർ യാത്രക്കാരൻ ഇളകിയ മെറ്റലുകളിൽ നിരങ്ങിമറിഞ്ഞു. നിസാര പരിക്കേറ്റു. പിന്നെയും രണ്ടിടങ്ങളിൽ ഇരുചക്ര വാഹനങ്ങൾ മറിഞ്ഞുവെങ്കിലും പരിക്കില്ല.
പെരുംകുളം- മൂഴിക്കോട് റോഡിലെ അപകടങ്ങൾ കണ്ടുമടുത്തു. വലിയ ദുരന്തത്തിന് കാത്തുനിൽക്കാതെ ചിതറിക്കിടക്കുന്ന മെറ്റലുകൾ നീക്കം ചെയ്യാനെങ്കിലും അടിയന്തര നടപടിയുണ്ടാകണം. ഓടകൾ നിർമ്മിക്കണം. അശാസ്ത്രീയത പരിഹരിക്കണം.
കോട്ടാത്തല ശശികുമാർ, ഭാസ്കർ അഡ്വർട്ടൈസിംഗ്
രണ്ട് വർഷത്തോളമായി റോഡിന്റെ നിർമ്മാണം തുടങ്ങിയിട്ട്. അന്നുമുതൽ നാട്ടുകാർ യാത്രാ ദുരിതം അനുഭവിക്കുകയാണ്. പരാതികളും പ്രതിഷേധങ്ങളും ഏറുമ്പോൾ തട്ടിക്കൂട്ട് ടാറിംഗ് നടത്തി ബില്ല് മാറിയെടുക്കാനുള്ള കരാറുകാരന്റെ ഗൂഢലക്ഷ്യമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എസ്.ആർ.മനോജ് കുമാർ, നാട്ടുകാരൻ