കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ കരുനാഗപ്പള്ളി നീണ്ടകര പന്നയ്ക്കൽതുരുത്ത് വടക്കേറ്റത്ത് വീട്ടിൽ രതീഷിനെ (അമ്മാച്ചൻ- 39) കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനി ജില്ലയിൽ നിന്നു ആറ് മാസത്തേക്ക് നാടുകടത്തി. കളക്ടറുടെ ഉത്തരവ് പ്രകാരം നേരത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. ജയിൽ മോചിതനായ ശേഷവും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് നാട് കടത്തിയത്.

നീണ്ടകര ഹാർബറിലും പരിസര പ്രദേശങ്ങളിലും ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രതീഷ് അടുത്തിടെ ധനേഷ് എന്ന യുവാവിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ സുഹൃത്തുക്കളെ തടഞ്ഞു. എതിർത്ത രണ്ടു പേരെ കത്തി കൊണ്ട് കഴുത്തിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. വീടിന് സമീപത്ത് നിന്ന് അസഭ്യ വർഷം നടത്തിയത് ചോദ്യം ചെയ്ത യുവാവിന്റെ മൂക്കെല്ല് തകർത്തു. പുലർച്ചെ മത്സ്യബന്ധനത്തിന് പോയ യുവാവ് തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് മർദ്ദിച്ചെന്ന കേസുമുണ്ട്. നിരോധന ഉത്തരവ് ലംഘിച്ച് രതീഷ് ജില്ലയിൽ പ്രവേശിച്ചതറിഞ്ഞാൽ അറിയിക്കേണ്ട നമ്പറുകൾ: 1090, 04742742265, 04762680029, 9497987037