
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 41 കാരന് 44 വർഷം കഠിന തടവും 1,55,000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 11 മാസം അധിക തടവ് അനുഭവിക്കണം. പന്മന മടത്തിൽ പടീറ്റതിൽ വീട്ടിൽ നിന്ന് പന്മന മനയിൽ തുണ്ടിൽ കിഴക്കതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുനീറിനാണ് (41) കരുനാഗപ്പളളി ഫസ്റ്റ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ഉഷാ നായർ ശിക്ഷ വിധിച്ചത്.
വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി 2014 സെപ്തംബർ 6 മുതൽ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ പെൺകുട്ടിയെയും മാതാവിനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പീഡനത്തെ തുടർന്ന് 2020 നവംബർ 4ന് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് അമ്മ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസ് കേസെടുക്കുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴി പ്രകാരം ബലാൽസംഗക്കുറ്റവും പോക്‌സോയിലെ വിവിധ വകുപ്പുകളും ചുമത്തി അന്നത്തെ ചവറ എസ്.ഐയും ഇപ്പോൾ കൊല്ലം വെസ്റ്റ് ഇൻസ്പെക്ടറുമായ ഷെഫീക്ക് കേസിൽ പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് ചവറ ഇൻസ്‌പെക്ടർ എ. നിസാമുദ്ദീൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. 14 സാക്ഷികളെയും പെൺകുട്ടിയെയും കേസിൽ വിസ്തരിച്ചു. പെൺകുട്ടി വെളിപ്പെടുത്തിയ ആദ്യ പീഡനം മുതലുളള വിവരങ്ങൾ തെളിവിൽ സ്വീകരിച്ച കോടതി, മെഡിക്കൽ റിപ്പോർട്ട് അടക്കമുളള പതിനഞ്ചോളം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് ഹാജരായി.