
കൊല്ലം: പണം പിൻവലിക്കുന്നതിനിടെ എ.ടി.എം യന്ത്രത്തിന്റെ പ്രവർത്തനം സ്തംഭിപ്പിച്ച് കൂടുതൽ പണം കവരുന്ന ഉത്തരേന്ത്യൻ സംഘം കൊല്ലം സിറ്റി പൊലീസിന്റെ പിടിയിലായി. ഉത്തർപ്രദേശ് കാൺപൂർ സ്വദേശികളായ ദേവേന്ദ്ര സിംഗ് (24), വികാസ് സിംഗ് (21) എന്നിവരാണ് പിടിയിലായത്.
എ.ടി.എം യന്ത്രങ്ങളിലെ സുരക്ഷാ വീഴ്ച പ്രയോജനപ്പെടുത്തി പണം തട്ടുന്ന സംഘം കൊല്ലം നഗരത്തിൽ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. പിടികൂടുമ്പോൾ നഗരത്തിലെ കടപ്പാക്കട, ശങ്കേഴ്‌സ് എന്നീ എ.ടി.എമ്മുകളിൽ നിന്നു തട്ടിയെടുത്ത 61860 രൂപ ഇവരുടെ കൈവശം ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ എ.ടി.എമ്മുകളിൽ നിന്നു ഇവർ സമാന രീതിയിൽ പണം കവർന്നിരുന്നു. ഈ പണത്തിൽ ഒരു ഭാഗം തിരികെ എ.ടി.എമ്മുകളിലെ സ്വന്തം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കഴിഞ്ഞ ഒരു ദിവസം കൊണ്ട് രണ്ട് എ.ടി.എമ്മുകളിൽ നിന്നു 1.40 ലക്ഷം പിൻവലിച്ചിട്ടുണ്ട്.
പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്തുളള എ.ടി.എമ്മുകളിലാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ എ.ടി.എമ്മുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇവർ സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. തുടർന്ന് ഇവരെ തിരുവനന്തപുരം പൊലീസ് സ്‌ക്വാഡ് നിരീക്ഷിക്കുന്നതിനിടെ കൊല്ലത്തേക്ക് കടക്കുകയായിരുന്നു. കൊല്ലത്തെ എ.ടി.എമ്മുകളെല്ലാം നിരീക്ഷണത്തിലാക്കിയതോടെയാണ് പ്രതികൾ കുടുങ്ങിയത്.
കവർച്ചയ്ക്കെത്തുന്നത് വിമാനത്തിൽ
വിവിധ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് എ.ടി.എമ്മിൽ നിന്നു പണം പിൻവലിക്കുന്നതിനിടെ യന്ത്രത്തിന്റെ പ്രവർത്തനം പ്രത്യേക രീതിയിൽ അല്പ നേരത്തേക്ക് തകരാറിലാക്കും. ഇതിനിടെ യന്ത്രത്തിനുള്ളിൽ നിന്നു പണം കവരും. വലിയ സംഖ്യകൾ നഷ്ടപ്പെടാതിരുന്നതിനാൽ ബാങ്ക് അധികൃതർ പണം നഷ്ടപ്പെടുന്നതിന് ഗൗരവമായി എടുക്കാത്തത് ഇവർക്ക് സഹായമായി. ഒരു സ്ഥലത്തും കൂടുതൽ ദിവസം തങ്ങാതെ സഞ്ചരിച്ച് കൊണ്ടിരിക്കുന്നതിനാൽ പൊലീസിന്റെ കൈയിൽ അകപ്പെട്ടിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലേക്ക് ഡൽഹിയിൽ നിന്നു വിമാന മാർഗ്ഗം സഞ്ചരിച്ചാണ് കവർച്ച നടത്തിയിരുന്നത്.