കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിൽ ക്രമക്കേടാരോപിച്ച് ഇടതു മുന്നണി ഗ്രാമപഞ്ചായത്തംഗങ്ങളും പ്രവർത്തകരും ചേർന്ന് വിതരണം തടഞ്ഞു. കഴിഞ്ഞ ദിവസം ഇളമ്പൽ മാർക്കറ്റിൽ ആയുർവേദ ആശുപത്രിയുടെ മുന്നിലുള്ള ഹാളിൽ ഗ്രാമപഞ്ചായത്ത് നടത്തിയ പഠനോപകരണ വിതരണമാണ് തടസപ്പെട്ടത്.
വിതരണത്തിന് മുമ്പുള്ള രാത്രിയിൽ വൈകിയാണ് ഫോണിലൂടെ ഗ്രാപഞ്ചായത്തംഗങ്ങൾക്ക് അറിയിപ്പ് ലഭിച്ചത്. പർച്ചേസ് കമ്മിറ്റി ചേരാതെയും ടെൻഡർ വിളിക്കാതെയുമാണ് ഉപകരണങ്ങൾ വാങ്ങിയതെന്നും വ്യാജ പട്ടികയാണ് വിതരണത്തിന് തയ്യാറാക്കിയമെന്നും ഇടതുമുന്നണിയംഗങ്ങൾ ആരോപിച്ചു. വിതരണത്തിലുള്ള പട്ടിക നേരത്തേ പ്രസിദ്ധീകരിച്ചിട്ടിലെന്നും ഗ്രാമപഞ്ചാത്തിലെ രണ്ട് സ്കൂകൂളുകളിലെ വിദ്യാർത്ഥികളെ മാത്രം പരിഗണിച്ചതിലും 50 പേർക്ക് കൊടുക്കാവുന്ന പഠനോപകരണ വിതരണം 32 പേരുടെ ലിസ്റ്റ് വാങ്ങി നൽകിയതിനെയാണ് എതിർക്കാൻ ശ്രമിച്ചതെന്നും അവർ പറഞ്ഞു.
എന്നാൽ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷസ്ഥാനം കൈകാര്യം ചെയ്യുന്ന സി.പി.എം അംഗം പഠനോപകരണ വിതരണത്തിൽ താത്പര്യം പ്രകടിപ്പിക്കാതെ മാറിനിന്നതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ഭരണ സമിതി വേഗത്തിൽ നടപടികൾ നീക്കിയതാണ് ഇടതുപക്ഷത്തെ ചൊടിപ്പിച്ചതെന്നും, അഴിമതി ആരോപണം തെളായിച്ചാൽ രാജിവെയ്ക്കാൻ തയ്യാറാണെന്നും വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ പറഞ്ഞു.
സർക്കാർ ഏജൻസിയായ ആഡ്കോയിൽ നിന്നാണ് ഫർണിച്ചറുകൾ വാങ്ങിയത്. കഴിഞ്ഞ ടേമിലെ രണ്ടര ലക്ഷം രൂപ ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് സമിതിയിൽ തീരുമാനിച്ച് നടപ്പിലാക്കിയ പദ്ധതിയാണിതെന്നും, ആഴ്ചകളായി ഇറക്കി വെച്ചിരിക്കുന്ന ഫർണിച്ചറുകൾ മഴ നനഞ്ഞ് നശിച്ചു പോകാതെ രേഖകൾ ഹാജരാക്കിയ 17 വിദ്യാർത്ഥികൾക്ക് വേഗത്തിൽ വിതരണം ചെയ്യാനുള്ള ശ്രമമാണ് പ്രതിപക്ഷം തടസപ്പെടുത്തിയതെന്നും ഭരണപക്ഷ അംഗങ്ങൾ പറഞ്ഞു.
പഠനോപകരണ വിതരണം തടഞ്ഞ ശേഷം ഹാളിനു മുന്നിൽ ഇടതുമുന്നണി അംഗങ്ങൾ നടത്തിയ പ്രതിഷേധ ധർണ ഗ്രാമപഞ്ചായത്തംഗങ്ങളായ ബി.ഷംനാദിന്റെ അദ്ധ്യക്ഷതയിൽ എം.റഹീംകുട്ടി ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തിനെ തുടർന്ന് പരിപാടി മാറ്റി വെച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.