കൊല്ലം: മുണ്ടയ്ക്കൽ പാപനാശനം മുതൽ സെന്റ് ജോർജ്ജ് കുരിശടി വരെ രണ്ടാഴ്ചയ്ക്കിടെ കടൽ കവർന്നത് 40 മീറ്ററോളം ഭാഗത്തെ തീരം. പാറ എത്തിക്കാൻ മാർഗ്ഗമില്ലാത്തതിനാൽ ഈ പ്രദേശത്തെ പുലിമുട്ട് നിർമ്മാണം നീളുന്നതാണ് കടൽകയറ്റം രൂക്ഷമാകാൻ കാരണം.

ജില്ലയിൽ കടലാക്രമണം ഏറ്റവും രൂക്ഷമായ പ്രദേശമാണ് ഇരവിപുരം മുതൽ കൊല്ലം ബീച്ച് വരെയുള്ള തീരം. കടലാക്രമണത്തെ പ്രതിരോധിക്കാൻ താന്നി മുതൽ കൊല്ലം ബീച്ച് വരെ പുലിമുട്ട് നിർമ്മാണം പുരോഗമിക്കുകയാണ്. ഇപ്പോൾ പാപനാശനം തീരത്ത് പുലിമുട്ട് നിർമ്മാണം നടക്കുന്നുണ്ട്. ഓരിടത്ത് പുലിമുട്ട് ഉയരുമ്പോൾ തൊട്ടപ്പുറത്തുള്ള തീരത്തേക്ക് തിര കൂടുതൽ ശക്തമായി അടിച്ചുകയറി തീരം കവരുകയാണ്. പാപനാശനം തീരത്തിനും സെന്റ് ജോർജ്ജ് കുരിശടിക്കും ഇടയിൽ ഒരു പുലിമുട്ട് നിർമ്മിക്കാനുണ്ട്. എന്നാൽ ഇവിടേക്ക് ലോറിയിൽ പാറ എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. സന്നദ്ധ സംഘടന കൈയടക്കി വച്ചിരിക്കുന്ന ഭൂമിയിൽ കൂടി ലോറി കടന്നുപോകാൻ അനുവദിക്കാത്തതാണ് പ്രശ്നം.

പാപനാശനം സെന്റ് ജോർജ്ജ് കുരിശടി റോഡിന്റെ ഇടതുവശത്തായി തീരത്ത് 25 ഓളം വീടുകളുണ്ട്. ഇതിൽ 12 വീടുകൾ ഏത് നിമിഷവും കടൽ കവരുമെന്ന അവസ്ഥയിലാണ്. മഴക്കാലം ആരംഭിക്കുന്നതോടെ, പുലിമുട്ട് ഇല്ലാത്ത ഈ പ്രദേശത്തേക്കാകും തിര കൂടുതൽ അടിച്ചുകയറുക. ഇതോടെ റോഡിന് വലത് വശത്തുള്ള വീടുകളും തകരുന്ന സ്ഥിതിയാകും.

 വീട്ടിൽ പ്രാണഭയത്തോടെ

ഏത് നിമിഷവും തിര കവർന്നെടുക്കാൻ സാദ്ധ്യതയുള്ളതിനാൽ പ്രദേശവാസികൾ സ്വന്തം വീടുകളിൽ കഴിയാൻ ഭയക്കുകയാണ്. ജോലിക്ക് പോകുന്നവർ അവധിദിവസങ്ങളിൽ കുട്ടികളെ ബന്ധുവീടുകളിലെത്തിക്കും. സ്വസ്ഥമായി ഉറങ്ങിയിട്ട് നാളുകളായെന്ന് നാട്ടുകാർ പറയുന്നു.

പുലിമുട്ട് നിർമ്മാണത്തിന് വഴിയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെയും കളക്ടർ മുതലുള്ള ഉദ്യോഗസ്ഥരെയും സമീപിച്ചു. പക്ഷേ, ആരും ഇടപെടുന്നില്ല. ഈ പ്രദേശത്തുള്ളവരുടെ വീടും സമ്പാദ്യങ്ങളും മാത്രമല്ല, ജീവൻ പോലും അപകടത്തിലാണ്

ബീന വിൻസെന്റ്, പ്രദേശവാസി