പരവൂർ: തിരക്കേറിയ പരവൂർ- പാരിപ്പള്ളി റോഡിൽ പൂതക്കുളം മുക്കട ജംഗ്‌ഷനിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കണമെന്ന് കോൺഗ്രസ് മുക്കട വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. പരവൂർ പാരിപ്പളളി റോഡിൽ നിന്നു പന്നിവിള ജംഗ്‌ഷനിലേക്കും മുക്കട തൊടി റോഡിലേക്കും തിരിയുന്ന രണ്ടു റോഡുകളുള്ള വളവിലാണ് അപകടകരമാം വിധത്തിൽ ട്രാൻസ്‌ഫോർമർ നിൽക്കുന്നത്. വളവിൽ റോഡിനോട് ചേർന്ന് ട്രാൻസ്‌ഫോർമർ നിൽക്കുന്നത് മൂലം പന്നിവിളറോഡിൽ നിന്നും മുക്കട തൊടി റോഡിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് പാരിപ്പള്ളി ഭാഗത്തുനിന്നുള്ള വാഹനങ്ങളെ കാണാൻ കഴിയാത്തതു മൂലം അപകടങ്ങൾ പതിവാണെന്നും വാർഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പൂതക്കുളം നോർത്ത് മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണപിള്ള, ആർ.രതീഷ്, അഭിലാഷ്, ഓമനക്കുട്ടൻ, പ്രസാദ്പിള്ള, വിജയൻപിള്ള എന്നിവർ പങ്കെടുത്തു.