photo
വർഷങ്ങളായി സംരക്ഷണമില്ലാതെ കിടക്കുന്ന നഗരസഭയിലെ ഒരു കുളം.

കരുനാഗപ്പള്ളി: നാട്ടിലെ പൊതു കുളങ്ങളെയും തണ്ണീർത്തടങ്ങളെയും നഗരസഭാ അധികൃതർ അവഗണിക്കുകയാണെന്ന് നാട്ടുകാർ. നഗരസഭയുടെ പരിധിയിൽ വരുന്ന തണ്ണീർത്തടങ്ങളും തഴത്തോടുകളും നാശത്തിന്റെ വക്കിലാണ്. നോക്കാനും കാണാനും അധികാരികൾ ഇല്ലാത്തതിനാൽ തണ്ണീർത്തടങ്ങൾ വർഷങ്ങളായി കൈയ്യേറ്റ ഭീഷണിയിലാണ്. സർക്കാരിന്റെ തണ്ണീർത്തട നിയമങ്ങൾ നഗരസഭയുടെ മേശപ്പുറത്ത് അന്തിയുറങ്ങുകയാണ്.

ഓർക്കണം വേനൽ കടുക്കുമ്പോഴെങ്കിലും

നഗരസഭയിലെ 35 ഡിവിഷനുകളിലായി നിരവധി പൊതു കുളങ്ങളാണുള്ളത്. ഇതിന്റെയൊന്നും വ്യക്തമായ കണക്കുകൾ നഗരസഭയുടെ കൈവശം ഇല്ലെന്നതാണ് വാസ്തവം. തുറയിൽകുന്ന് പള്ളിക്കൽ കുളം മാത്രമാണ് നഗരസഭ മുൻകൈയ്യെടുത്ത് സംരക്ഷിക്കുന്നത്. മറ്റുള്ളവ അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എല്ലാ വർഷവും വേനൽക്കാലം കടുക്കുമ്പോൾ കരുനാഗപ്പള്ളിയുടെ തീരങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമമാണ്. നീർച്ചാലുകളും കുളങ്ങളും സംരക്ഷിക്കാത്തതിനാൽ വേനലിൽ ഇവകളെല്ലാം വറ്റി വരണ്ട് പോകാറുണ്ട്. ഇതും കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നു. വേനൽ കടുക്കുമ്പോൾ പൊതുകുളങ്ങളും തഴത്തോടുകളും മാലിന്യങ്ങൾ നീക്കം ചെയ്ത് ആഴം കൂട്ടിയാൽ മഴ വെള്ളം സംഭരിക്കാൻ കഴിയും. കാലവർഷത്തിലും തുലാവർഷത്തിലും സംഭരിക്കുന്ന മഴവെള്ളം കൊണ്ട് കടുത്ത വേനലിനെ നേരിടാനും കഴിയും. കുളങ്ങളിൽ മഴ വെള്ളം സംഭരിക്കപ്പെടുന്നതോടെ വീടുകളിലുള്ള കിണറുകളിലെ ജലനിരപ്പ് ഉയരും.

സംരക്ഷണ പദ്ധതികളില്ല

നഗരസഭയുടെ നിയന്ത്രണത്തിലുള്ള മിക്ക പൊതു കുളങ്ങളുടെയും വശങ്ങൾ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് സംരക്ഷണ ഭിത്തി നിർമ്മിച്ചത് തകർന്ന് കിടക്കുന്നു. ഇതൊന്നും അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാനുള്ള പദ്ധതികളൊന്നും നഗരസഭയുടെ കൈവശം ഇല്ല. അടുത്ത വേനലിന് മുമ്പെങ്കിലും പൊതു കുളങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാനുള്ള പദ്ധതികൾക്ക് നഗരസഭ മുൻഗണന നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.