phot
വന മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന റോസ്മലയിലെത്തിയ പി.എസ്.സുപാൽ എം.എൽ.എ താമസക്കാരുടെ പരാതികൾ കേൾക്കുന്നു

പുനലൂർ: കുളത്തൂപ്പുഴ പഞ്ചായത്തിലെ വന മദ്ധ്യത്ത് ഒറ്റപ്പെട്ട് കിടക്കുന്ന റോസ്മലയുടെ സമഗ്ര വികസനങ്ങളെക്കുറിച്ച്ചർച്ച ചെയ്യാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ച് ചേർക്കുമെന്ന് പി.എസ്.സുപാൽ എം.എൽ.എ നാട്ടുകാർക്ക് ഉറപ്പ് നൽകി. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം വനമദ്ധ്യത്തിൽ താമസിക്കുന്ന റോസ്മലയിലെ താമസക്കാരുടെ പരാതികളും മറ്റും നേരിൽ കണ്ട് മനസിലാക്കിയ ശേഷം പരിഹാരം കണ്ടെത്താൻ റോസ്മലയിലെത്തിയതായിരുന്നു എം.എൽ.എ. വന്യമൃഗശല്യം, പുതിയ പാലം പണി, ഭൂമിക്ക് പട്ടയം നൽകൽ, താമസ സ്ഥലത്ത് നിന്ന് ഒഴിഞ്ഞു മാറൽ തുടങ്ങിയ വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താനാവശ്യപ്പെട്ട നിവേദം താമസക്കാർ എം.എൽ.എക്ക് നൽകി. വർഷങ്ങളായി റോസ്മലയിൽ താമസിച്ച് വരുന്ന 52ഓളം കുടുംബങ്ങളുടെ ഭൂമിക്ക് രേഖയില്ലാത്തതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ആര്യങ്കാവ് -റോസ്മല വനപാതയിലെ വാട്ടർ ഷെഡിന് സമീപത്തെ റോഡ് വർഷങ്ങളായി തകർന്ന് കിടക്കുകയാണ്. ഇത് പുനരുദ്ധരിച്ച് നൽകണമെന്നും ഗ്രാമവാസികൾ എം.എൽ.എയോട് ആവശ്യപ്പെട്ടു.തുടർന്ന് വാർഡ് അംഗം സക്കറിയായുടെ അദ്ധ്യക്ഷതയിൽ താമസക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് ചേർന്ന യോഗം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലേഖ ഗോപാലകൃഷ്ണൻ, മുൻ വാർഡ് അംഗം സുന്ദരേശൻ,സി.പി.ഐ ആര്യങ്കാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സോമരാജൻ, രാജേന്ദ്രൻ നായർ, കെ.രാജൻ, ശ്രീദേവി പ്രകാശ്,റഷീദ് കുട്ടി തുടങ്ങിയ നിരവധി പേർ സംസാരിച്ചു.