ഓച്ചിറ: ക്ലാപ്പന ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ (ക്ലാപ്പന കിഴക്ക്) ഉപ തിരഞ്ഞെടുപ്പ് മേയ് 17ന് നടക്കും. നിലവിലെ ഗ്രാമപഞ്ചായംഗം വി.ആർ. അനുരാജിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 18ന് വോട്ടെണ്ണി ഫലം പ്രസിദ്ധീകരിക്കും. ഈമാസം 13ന് തന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നു. നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ടുന്ന അവസാന തീയതി ഏപ്രിൽ 27 ആണ്. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറാണ് വരണാധികാരി.

നിലവിലെ 15 അംഗ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫിന് 11, യു.ഡി.എഫിന് ഒരു സ്വതന്ത്രൻ ഉൾപ്പെടെ 3, ബി.ജെ.പിയ്ക്ക് 1 എന്നിങ്ങനെ അംഗങ്ങളാണ് ഉള്ളത്. ഉപതിരഞ്ഞെടുപ്പിനായി ഇരു മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സി.പി.എം അംഗം വി.ആർ. മനുരാജും കോൺഗ്രസ് അംഗം എസ്. വിക്രമനുമാണ് സ്ഥാനാർത്ഥികൾ.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി പരാതി

എൽ.ഡി.എഫ് ക്ലാപ്പനയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി.ബിജു തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഈസ്റ്റർ ദിവസം കളക്ടറുടെ നിർദ്ദേമാണെന്നുപറഞ്ഞ് ഇടത് സ്ഥാനാർത്ഥിയും ഗവ. ഉദ്യോഗസ്ഥരും വീടുകൾ കയറി ലൈഫ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും തിരഞ്ഞെടുപ്പ് അട്ടിമിറിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണെന്നും പറഞ്ഞാണ് പരാതി നൽകിയത്.