കൊല്ലം: ജലജ വിജയന്റെ മട്ടുപ്പാവിൽ നിറയെ പച്ചപ്പാണ്. പയറും പടവലവും കോവലും ചീരയും തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളുമുണ്ട്. ആകെയുള്ള ഇരുപത് സെന്റ് പുരയിടത്തിലും ഹരിതസമൃദ്ധി തന്നെ. ഇപ്പോൾ അടുക്കളയിലേക്കുള്ള പച്ചക്കറികൾ വിലകൊടുത്ത് വാങ്ങേണ്ടിവരുന്നില്ലെന്ന് മാത്രമല്ല, വീട്ടാവശ്യം കഴിഞ്ഞുള്ളത് വിൽപ്പനയ്ക്കുമുണ്ട്. അഞ്ചൽ ഏറം തടിക്കാട് വിഷ്ണുദർശനത്തിൽ കോൺട്രാക്ടറായിരുന്ന പരേതനായ വിജയന്റെ ഭാര്യയായ ജലജ പതിനഞ്ചാണ്ട് മുൻപ് ഭർത്താവ് മരണപ്പെട്ടതോടെയാണ് കൃഷിയെ കൂടെക്കൂട്ടിയത്. പുലർകാലങ്ങളിൽ മട്ടുപ്പാവിലെത്തി പച്ചക്കറികളോട് കിന്നാരം പറഞ്ഞാണ് ദിവസത്തിന്റെ തുടക്കം. വൈകിട്ടാണ് വെള്ളവും വളവും നൽകുക. പൂർണമായും ജൈവവളമാണ് ഉപയോഗിക്കുന്നത്. ചാണകപ്പൊടിയും പച്ചച്ചാണകവും പിണ്ണാക്കും മത്സ്യംവളർത്തലിന്റെ വെള്ളവുമൊക്കെയാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. വെളുത്തുള്ളിയും പപ്പായ ഇലയും ചേർത്ത് ജൈവ കീടനാശിനിയും തയ്യാറാക്കി ഉപയോഗിക്കും. മികച്ച വിളവാണ് ഇത്രകാലവും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ജലജ വിജയൻ പറഞ്ഞു.
അമര മുതൽ ഉരുളക്കിഴങ്ങ് വരെ
അമര, നിത്യവഴുതന, പാവൽ, കോവൽ, കുമ്പളം, പയർ, പടവലം, ഇഞ്ചി, മഞ്ഞൾ, കരിമഞ്ഞൾ, കസ്തൂരി മഞ്ഞൾ, ചീര, ചേമ്പ്, കാച്ചിൽ, കൂവ, വെണ്ട, നനക്കിഴങ്ങ്, മധുരക്കിഴങ്ങ്, പച്ചമുളക്, ചേന തുടങ്ങി ഉരുളക്കിഴങ്ങ്(അടതാപ്പ്) അടക്കം നാനാവിധ വിളകളും ജലജയുടെ കൃഷിയിടത്തിലുണ്ട്. 250 ഗ്രോ ബാഗുകളിലും അല്ലാതെയുമായിട്ടാണ് കൃഷി. വീട്ടുമുറ്റത്ത് മത്സ്യ കൃഷിയുമുണ്ട്.
ശ്രീനാരായണ സന്ദേശ പ്രചാരക
തികഞ്ഞ ശ്രീനാരായണ ഗുരുദേവ ഭക്തയായ ജലജ വിജയൻ എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ വനിതാസംഘം സെക്രട്ടറിയായി 9 വർഷം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി മതുരപ്പ 579ാം നമ്പർ ശ്രീകുമാരവിലാസം വനിതാ സംഘത്തിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി മാറിയും തിരിഞ്ഞും പ്രവർത്തിച്ചുവരുന്നു. ശാഖാ കമ്മിറ്റി അംഗവുമാണ്. പുനലൂർ ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന(എഫ്.എസ്.എ) എക്സി.അംഗവും മറ്റ് വിവിധ സംഘടനകളിലെ പ്രവർത്തകയുമാണ്. മക്കൾ വിഷ്ണുവും ശബരിയും മരുമകൾ ശ്രുതിയും പ്രോത്സാഹനവുമായി കൂടെയുണ്ട്.