കൊല്ലം: കൊട്ടാരക്കര പെരുംകുളം റേഷൻകടമുക്ക്- മൂഴിക്കോട് റോഡിൽ നിർമ്മാണ ജോലികൾ വീണ്ടും തുടങ്ങി. മൂഴിക്കോട് ചിറയുടെ ഭാഗത്തുനിന്നാണ് ഇന്നലെ റോഡ് നിരപ്പാക്കൽ ജോലികൾ തുടങ്ങിയത്. ഇരുവശത്തെയും ഓട തെളിക്കാതെ തന്നെ മണ്ണ് വെട്ടി മെറ്റലിട്ട ഭാഗത്തോട് ചേർത്ത് നിരപ്പാക്കുകയാണ്. കനത്തമഴ പെയ്താൽ റോഡിന്റെ നല്ലൊരു ഭാഗവും ഒലിച്ചുപോയേക്കും. ഓട നിർമ്മിക്കണമെന്ന ആവശ്യം അധികൃതർ ഇനിയും ഗൗരവത്തിലെടുത്തിട്ടില്ല. വേനൽ മഴയത്തുതന്നെ കുത്തൊഴുക്കുള്ള ഭാഗത്തെല്ലാം മണ്ണും മെറ്റലും ഒലിച്ചുപോയി. നേരത്തെ പൈപ്പിടാൻ കുഴിയെടുത്തിട്ടുള്ളതിനാൽ ഇവിടുത്തെ മണ്ണിന് ഉറപ്പില്ല. അതാണ് ഇളകി ഒഴുകിപ്പോകുന്നത്.

ഓട നിർമ്മിക്കാതെ

മൂഴിക്കോട് ചിറയുടെ ഭാഗത്തുനിന്നും കളീലുവിള ഭാഗംവരെയാണ് ഒന്നാം ഘട്ട ടാറിംഗ് ഇനി നടത്താനുള്ളത്. റോഡ് നിരപ്പാക്കിയാലുടൻ ടാറിംഗ് നടത്തും. രണ്ട് വർഷമായു യാത്രാദുരിതം അനുഭവിക്കുന്ന നാട്ടുകാർ ഏത് വിധേനയും ടാറിംഗ് നടക്കട്ടെയെന്ന് പറയുന്നത് ഗതികേടുകൊണ്ടാണ്. എന്നാൽ ഇത് ശാശ്വതമല്ലെന്നാണ് വിദഗ്ധ അഭിപ്രായം. ഓട നിർമ്മിക്കേണ്ടിടത്തും നിരപ്പാക്കിയിട്ടാൽ റോഡ് നിറഞ്ഞാകും വെള്ളമൊഴുക്ക്. ഇത് കൂടുതൽ വിപത്തിലേക്കെത്തിയ്ക്കും. പെരുംകുളം- മൂഴിക്കോട് റോഡിൽ യാത്രാദുരിതം മാറുന്നില്ല, അശാസ്ത്രീയത പരിഹരിക്കണം എന്നീ തലക്കെട്ടുകളോടെ കഴിഞ്ഞ ദിവസങ്ങളിൽ കേരള കൗമുദി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് കരാറുകാരൻ വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ച 2.70 കോടി രൂപ ചെലവിലാണ് റോഡ് നിർമ്മാണം.