കൊട്ടാരക്കര: കലയപുരം ക്രിസ്ത്യൻ പള്ളിയിൽ കവർച്ചാസംഘത്തിന്റെ അഴിഞ്ഞാട്ടം. കലയപുരം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയുടെ പൂട്ട് പൊളിച്ച് അൾത്താരയ്ക്കുള്ളിലെത്തിയാണ് മോഷണം നടത്തിയത്. ഇന്നലെ രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. മുറികളും കുത്തിത്തുറന്നു. സാധു സഹായ വഞ്ചി ഉൾപ്പടെ അകത്തും പുറത്തുമുള്ള വഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. കുരിശ് അടിച്ചൊടിക്കുകയും ബൈബിൾ,​ വൈദികൻ ഉപയോഗിക്കുന്ന മ്യൂറോൺ, കുർബാനയ്ക്കുള്ള വൈൻ എന്നിവ നശിപ്പിപ്പിക്കുകയും ചെയ്തു. മൂന്ന് അലമാരകൾ കുത്തിത്തുറന്ന് അതിലുള്ളവ വലിച്ചുവാരിയിട്ട നിലയിലാണ്. പണമെടുത്തശേഷം വഞ്ചികൾ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാെട്ടാരക്കര പൊലീസ് കേസെടുത്തു.