കൊല്ലം: കൊല്ലം പൂരം അവശേഷിപ്പിച്ച പ്ളാസ്റ്റിക് മാലിന്യങ്ങൾ ആശ്രാമം മൈതാനത്തു നി​റഞ്ഞു കിടന്നിട്ടും നീക്കം ചെയ്യാൻ സംഘാടകരോ കോർപ്പറേഷൻ അധികൃതരോ നടപടി സ്വീകരിക്കുന്നില്ല. നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങളും കൂട്ടത്തിലുണ്ട്. ഹരിതചട്ടം പൂർണമായി പാലിച്ച് പൂരം നടത്തണമെന്ന് കളക്ടർ അഫ്സാനാ പർവീൺ സംഘാടകർക്ക് കർശന നിർദേശം നൽകിയിരുന്നെങ്കിലും പൂരം കഴിഞ്ഞപ്പോഴേക്കും മൈതാനം മാലിന്യക്കൂമ്പാരമായി.

മാലിന്യം ചിതറിക്കിടക്കുന്ന നിലയിലാണ് മൂന്നു ദിവസമായി മൈതാനം. കഴുകിയെടുക്കാവുന്ന പാത്രങ്ങളും ഗ്ലാസുകളുമായിരിക്കണം ഉപയോഗിക്കേണ്ടതെന്നും ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് കോർപ്പറേഷനും ശുചിത്വ മിഷനും ഉറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചിരുന്നു. ഐസ്ക്രീം കപ്പുകൾ, പ്ളാസ്റ്റിക് സ്പൂണുകൾ, തെർമോക്കോൾ പാത്രങ്ങൾ, പ്ളാസ്റ്റിക് കവറുകൾ തുടങ്ങിയവയാണ് മൈതാനിയിൽ കൂടിക്കിടക്കുന്നത്. അശ്രദ്ധമായി മാലിന്യം വലിച്ചെറിയാതിരിക്കാൻ ഒരു മുൻകരുതലും സംഘാടകർ സ്വീകരിച്ചില്ല. ആയിരക്കണക്കി​നാളുകൾ തിങ്ങിനിറഞ്ഞ ഇവിടെ ഒരു വേസ്റ്റ് ബിൻ പോലും സ്ഥാപിച്ചിരുന്നില്ല. കാണികളെ ബോധവത്കരിക്കാൻ അനൗൺസ്മെന്റും ഉണ്ടായില്ല.

ഐസ്ക്രീം, ബലൂൺ, സ്നാക്സ് ഉൾപ്പെടെ നിരവധി കച്ചവടക്കാരും പൂരത്തിനുണ്ടായിരുന്നു. വാഹനങ്ങളുടേത് ഉൾപ്പെടെ പ്രൊമോഷൻ വർക്കിനായി വിവിധ ഗ്രൂപ്പുകൾ ലഘുലേഖകളും മറ്റും മൈതാനിയിൽ വിതരണം ചെയ്തു. വിവിധ സ്ഥലങ്ങളിൽ തോരണങ്ങളും ഉപേക്ഷിച്ച നിലയിൽ കിടപ്പുണ്ട്.

 മഴയിൽ കുഴഞ്ഞു

തുടർച്ചയായ മഴയിൽ കുതിർന്ന് വേർതിരിക്കാനാത്ത വിധത്തിലാണ് മാലിന്യം. മൈതാനിയിലെ മാലിന്യ കൂമ്പാരത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിച്ചതോടെ ഇന്നലെ രാവിലെ ചില ശുചീകരണ തൊഴിലാളികൾ എത്തി കുറച്ചു മാലിന്യങ്ങൾ അങ്ങിങ്ങായി കൂട്ടിയിട്ടു. പ്ളാസ്റ്റിക്ക് മാത്രമായി വേർതിരിക്കാനും നടപടി ഉണ്ടായില്ല. മൈതാനത്തിട്ട് ഇവ കത്തിക്കുമോ എന്നതാണ് അടുത്ത ആശങ്ക.

............................................

പൂരം ഭംഗിയായി കഴിഞ്ഞു. പിറ്റേദിവസം ആശ്രാമം മൈതാനി കണ്ടപ്പോൾ ദുഖം തോന്നി. പൂരത്തിന്റെ ബാക്കിപത്രമായി മൈതാനി നിറയെ മാലിന്യ കൂമ്പാരം. പ്ളാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ ഒഴിവാക്കാൻ ഒരു നടപടിയും ഉണ്ടായില്ല

എ. ജയശങ്കർ, പരിസ്ഥിതി പ്രവർത്തകൻ