കരുനാഗപ്പള്ളി : ക്ലാപ്പന, ഇ.എം.എസ് സാംസ്കാരികവേദി ലൈബ്രറിയുടെ നേതൃത്വത്തിൽ മാതാപിതാക്കൾ മരണപ്പെട്ട പെൺകുട്ടിയുടെ വിവാഹം ഏറ്റെടുത്ത് നടത്തുന്ന അക്ഷര പൂത്താലിയും, ഓണാട്ടുകര പ്രതിഭാ പുരസ്കാര സമർപ്പണവും നാളെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ക്ലാപ്പന വടക്ക്, ഒറ്റത്തെങ്ങിൽ വീട്ടിൽ സൂര്യകലയുടെ വിവാഹമാണ് ഇ.എം.എസ് സാംസ്കാരികവേദി ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തുന്നത്. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ .പി. അപ്പുക്കുട്ടൻ, എ .എം. ആരിഫ് എം. പി, സി .ആർ. മഹേഷ് എം.എൽ.എ, സൂസൻകോടി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന സാംസ്കാരിക സംഗമത്തിൽ വച്ച് ഓണാട്ടുകര പ്രതിഭാ പുരസ്കാരം കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി .വിജയകുമാറിന് മന്ത്രി സജി ചെറിയാൻ സമർപ്പിക്കും . 11,111 രൂപയും ആർട്ടിസ്റ്റ് അനി വരവിള രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. യുവസാഹിത്യ പ്രവർത്തകരെയും കൊവിഡ് പോരാളികളെയും സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി .കെ .മധു ചടങ്ങിൽ വെച്ച് ആദരിക്കും. സാഹിത്യകാരി എം. ബി .മിനി മുഖ്യപ്രഭാഷണം നടത്തും. ഡോ. വള്ളിക്കാവ് മോഹൻദാസ്, ഡോ.പി .പത്മകുമാർ, വി. പി. ജയപ്രകാശ് മേനോൻ, അരുൺ കിഷോർ, വി .വിജയകുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും. രാത്രി 7 മണി മുതൽ പ്രകാശ് കലാകേന്ദ്രം വനിതകൾ അവതരിപ്പിക്കുന്ന തീണ്ടാരിപ്പച്ച എന്ന നാടകവും അരങ്ങേറും.