ചാത്തന്നൂർ: ജെ.എസ്.എം കിണറുമുക്ക്- എസ്.എൻ കോളേജ് ദേവി സ്കൂൾ റോഡ് പണിതിട്ടും പണിതിട്ടും 'പരിക്കൊ'ഴിയുന്നില്ല.
നിരവധി കോൺട്രാക്ടർമാർ കൈവച്ചിട്ടുള്ള റോഡ് ആറു മാസം തികയുന്നതിന് മുമ്പ് പൊട്ടിപ്പൊളിയുന്നതാണ് പതിവ്.
നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്ന് 2017 ൽ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം, 1.69 കിലോമീറ്റർ ദൂരമുള്ള റോഡിന് റോഡിനു 1.15 കോടി അനുവദിക്കുകയും തുടർന്ന് പണി ആരംഭിക്കുകയും ചെയ്തു. 2018 മുതൽ 2023 വരെ ഓരോ വർഷവും അറ്റകുറ്റപ്പണിക്കായി 10.25 ലക്ഷം അനുവദിച്ചു. വശങ്ങളിലെ കാട് വെട്ടാനും റോഡിലെ വെള്ളക്കെട്ടുകൾ നീക്കം ചെയ്യാനുമാണ് ഈ തുക നീക്കിവച്ചിരിക്കുന്നത്. വർഷത്തിൽ രണ്ടുതവണ കലുങ്കുകളും ഓടകളും വൃത്തിയാക്കാനും കലുങ്കുകളുടെ പാർശ്വഭിത്തി വെള്ളപൂശാനും ഈ ഫണ്ടിൽ നിന്നുതന്നെ ചെലവഴിക്കണം.
നിലവിൽ റോഡിന്റെ വശങ്ങൾ കാടുമൂടിയും ഓടകൾ മണ്ണുമൂടിയും കിടക്കുകയാണ്. റോഡിൽ പലേടത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവയ്ക്കു വേണ്ടി തുക വിനിയോഗിക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കുഴിയിൽ ചാടുമെന്നുറപ്പ്
മാസങ്ങൾക്ക് മുൻപ് റോഡിന്റെ മദ്ധ്യഭാഗത്ത് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി റോഡിൽ വെള്ളക്കെട്ട് ഉണ്ടായപ്പോൾ ഗതാഗത നിരോധനം വരെ ഏർപ്പെടുത്തേണ്ടി വന്നു. എന്നാൽ ഇതുവരെ കുഴിയടയ്ക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
ഒരു കോടിയിൽ കൂടുതൽ ചെലവാക്കിയിട്ടും അപകടമില്ലാതെ ഈ ഭാഗത്ത് യാത്ര ബുദ്ധിമുട്ടാണ്. എന്നെങ്കിലും ഈ റോഡിന് ശാപമോക്ഷം കിട്ടുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം.