കൊല്ലം: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വാഹന തട്ടിപ്പ് നടത്തി മുങ്ങിയ യുവാവ് പൊലീസിന്റെ പിടിയിലായി. കൊല്ലം താമരക്കുളം സെന്റ് സേവ്യർ നഗർ അനീഷ് നിവാസിൽ സെബാസ്റ്റ്യൻ (അരുൺ, 33) ആണ് പിടിയിലായത്. പരിചയക്കാരിൽ നിന്ന് റെന്റ് എ കാർ ബിസിനസിനായി ആഡംബര വാഹനങ്ങൾ കുറഞ്ഞ ദിവസത്തേക്ക് സെബാസ്റ്റ്യൻ വാങ്ങിക്കും. നിശ്ചിത സമയം കഴിഞ്ഞും വാഹനം തിരികെ നൽകാതെ ഉടമകളെ വഞ്ചിക്കും. ഇത്തരം തട്ടിപ്പിന് കൊല്ലം ഈസ്റ്റ്, പാരിപ്പളളി തുടങ്ങിയ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസ് നിലവിലുണ്ട്.
കരിക്കോട് സ്വദേശിയായ നിയാസിന്റെ അമ്മയുടെ പേരിലുളള ഇന്നോവ കാർ 2021 നവംബറിൽ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കാർ പന്തളം സ്വദേശിയായ റെന്റ് എ കാർ ബിസിനസ്‌കാരന് മറിച്ച് നൽകുകയായിരുന്നു. പറഞ്ഞുറപ്പിച്ച സമയത്തിന് ശേഷവും വാഹനം നൽകാതെ ഒളിവിൽ പോയി. ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതി ആഡംബര ജീവിതം നയിച്ച് വരുകയായിരുന്നു. ഒളിവിലായിരുന്ന സെബാസ്റ്റ്യൻ രോഗശയ്യയിലായ അച്ഛനെ കാണാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.